വടക്കഞ്ചേരി: രണ്ടാംവിള ഇറക്കിയ നെൽപ്പാടങ്ങളിൽ പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപകമാകുന്നു. ആദ്യം ഞാറ്റടി കഴിഞ്ഞ പാടങ്ങളിലായിരുന്നു ആക്രണമെങ്കിൽ ഇപ്പോൾ നടീൽ കഴിഞ്ഞ പാടത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ഇടയ്ക് പെയ്ത മഴയും തുടർന്നുണ്ടായ കൂടിയ ആർദ്രതയുമാണ് പട്ടാളപ്പുഴുക്കൾ പെരുകാൻ കാരണം.
പ്രത്യേക തരം ശലഭങ്ങളുടെ മുട്ട വിരിഞ്ഞാണ് പുഴു ഉണ്ടാകുന്നത്. ഒരുതവണ നൂറ് മുട്ടകൾ വരെ ഇടാൻ ഒരു ശലഭത്തിന് കഴിയും. മൂന്ന് ദിവസംകൊണ്ട് മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മണ്ണിനോട് ചേർന്ന് കാണപ്പെടുന്നു. 24 ദിവസങ്ങൾക്കുള്ളിൽ പുഴുക്കൾ അഞ്ച് ദശകൾ പിന്നിട്ട് മണ്ണിൽ സമാധി പ്രാപിക്കും. കൂട്ടത്തോടെ പെരുകുന്നതിനാൽ വളരെ പെട്ടെന്ന് നെൽച്ചെടികൾ തിന്നുതീർക്കും. പുഴുക്കളുടെ ആക്രമണം ശ്രദ്ധയിൽ പെട്ടാലുടൻ ആലത്തൂർ കൃഷി ഭവനിൽ പ്രവർത്തിക്കുന്ന വിള ആരാഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ എം.വി.രശ്മി അറിയിച്ചു. ഫോൺ: 8281155025.
കർഷകർ ശ്രദ്ധിക്കേണ്ടത്
ദിവസവും നെൽച്ചെടി നിരീക്ഷിച്ച് പട്ടാളപുഴു ഉണ്ടോയെന്ന് നോക്കണം
പാടത്തു വെള്ളംകയറ്റി നിർത്തണം. വെള്ളം കയറ്റിയാൽ പുഴുക്കൾ ഇലകളുടെ മുകളിലേക്ക് കയറിവരും. ഇവയെ തിന്നാൻ കൊറ്റികളും കാക്കകളും ധാരാളമായി വരും.
ഒരു നെൽചെടിയിൽ രണ്ടിലേറെ പുഴുക്കളെ കണ്ടാൽ വിഷവീര്യം കുറഞ്ഞ
ഫ്‌ളുബെൻഡിയാമിഡ്, ക്ലോറാൻത്രനിപ്പോൾ തുടങ്ങിയ പച്ച ലേബൽ ഉള്ള കീടനാശിനികൾ മാത്രം തളിക്കുക.
മാരകമായ കീടനാശിനി പ്രയോഗം മിത്ര പ്രാണികളെ നശിപ്പിക്കും. മാത്രമല്ല ഓലചുരുട്ടി പുഴുക്കളുടെ പെരുകലിനും കാരണമാകും.