puzha

 അതിർത്തി നിർണയം നടത്തി പുഴയുടെ വീതി നിലനിർത്തണമെന്ന് നാട്ടുകാർ

കൊല്ലങ്കോട്: ഗായത്രിപ്പുഴയുടെ ഇരുകരകളിലും അനധികൃത കൈയേറ്റവും കെട്ടിട നിർമ്മാണവും നടക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പല്ലശ്ശേന പഞ്ചായത്തുകളിലൂടെയും അതിർത്തി പ്രദേശങ്ങളിലൂടെ ഒഴുകുന്ന പുഴയ്ക്ക് 100 മുതൽ 160 മീറ്റർവരെ വീതിയുണ്ടായിരുന്നിടത്ത് പലയിടത്തും ഇപ്പോഴുള്ളത് 50 മുതൽ 80 മീറ്റർ വീതിയാണ്.

പുഴയുടെ ഇരുകരകളും ഭൂമാഫിയ കൈയേറി അവിടെ കൃഷി നടത്തുകയാണ്. മാവ്, തെങ്ങ്, മരച്ചീനി, നെല്ല് എന്നീ വിളകളാണ് കൃഷിചെയ്യുന്നത്. കൈക്കലാക്കിയ സ്ഥലം വർഷങ്ങൾക്ക് ശേഷം ഉയർന്ന വിലയ്ക്ക് മറിച്ച് നൽകുന്നതും പതിവാണ്. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ മുതൽ ഇറിഗേഷൻ വകുപ്പ് ജീവനക്കാർവരെ ഇത്തരം മാഫിയകൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് ആക്ഷേപം. കൂടിതെ പുഴയോരത്തെ വൻമരങ്ങൾ മുറിച്ച് കടത്തുന്നതും വ്യാപകമായിട്ടുണ്ട്. രേഖാമൂലം പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കാറില്ലെന്നാണ് ആക്ഷേപം.
പുഴയുടെ വശങ്ങൾ മണ്ണിട്ട് നികത്തി മാവ് കൃഷിക്ക് അനുയോജ്യമാക്കി മാവിൻതൈകൾ വച്ചുപിടിപ്പിച്ചാണ് മുതലമടയിൽ കൈയേറ്റം നടക്കുന്നത്. ചട്ടങ്ങൾ മറികടന്ന് പുഴയേരത്ത് അനധികൃത കെട്ടിടങ്ങൾ പണിയുന്നതിനും അധികൃതർ നടപടിയെടുക്കുന്നില്ല.

പ്രളയത്തെ തുടർന്ന് മീങ്കര, ചുള്ളിയാർ ഡാമുകൾ തുറന്നപ്പോൾ കൈയേറ്റ ഭൂമിയിലാകെ വെള്ളം കയറിയിരുന്നു. പുഴയുടെ വീതി വീണ്ടും കണ്ടെത്തിയതോടെ ഇവ നിലനിർത്താൻ വിവിധ വകുപ്പുകൾ ചേർന്ന് അതിർത്തി നിർണയിച്ച് പുഴയെ സംരക്ഷിക്കുന്നമെന്നാണ് നാട്ടുകാരുടെ ആവശ്യം.