ഒറ്റപ്പാലം: ഒന്നരപതിറ്റാണ്ടായി അടഞ്ഞുകിടക്കുന്ന അമ്പലപ്പാറയിലെ വനിതാ വ്യവസായകേന്ദ്രം തുറക്കുന്നു. തൊഴിൽ സംരംഭങ്ങൾ തുടങ്ങാനായി കുടുംബശ്രീ യൂണിറ്റുകളാണ് വ്യവസായ കേന്ദ്രത്തിലേക്കെത്തുന്നത്. ഏറ്റെടുത്തു നടത്താൻ ആളില്ലാതെ കെട്ടിടം തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് തുറന്നു പ്രവർത്തിക്കാനൊരുങ്ങുന്നത്.
അമ്പലപ്പാറ മേലൂർ റോഡിൽ പഞ്ചായത്തിന്റെ സ്ഥലത്ത് 2004 ഒക്ടോബർ മാസത്തിലാണ് വ്യവസായ കേന്ദ്രം സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2001- 02 വർഷത്തെ ജനകീയാസൂത്രണഫണ്ട് വിനിയോഗിച്ചായിരുന്നു നിർമ്മാണം. സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിനായി സംരഭങ്ങൾ തുടങ്ങാൻ സഹായം എന്ന നിലയ്ക്കാണ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഏറ്റെടുക്കാൻ ആരുമില്ലാതായതോടെ അടച്ചിടുകയായിരുന്നു. വനിതകൾക്ക് മാത്രമുള്ള കെട്ടിടമായതിനാൽ അന്വേഷിച്ചെത്തിയ പുരുഷൻമാർക്ക് നൽകാൻ വ്യവസ്ഥയില്ലാത്തതും കെട്ടിടം അടച്ചിടുന്നതിന് കാരണമായി. പരിപാലനവും ഉപയോഗവുമില്ലാതായതോടെ കെട്ടിടത്തിന്റെ ഷട്ടറുകൾ തുരുമ്പെടുത്തും കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചും നശിക്കാൻ തുടങ്ങി.
വ്യവസായ കേന്ദ്രത്തിലെ അഞ്ചുമുറികളിൽ മൂന്നെണ്ണത്തിൽ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ധാരണയായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. മറ്റ് രണ്ടു മുറികളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങാനാണ് തീരുമാനമെന്ന് അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞൻ പറഞ്ഞു.