അഗളി: റേഷൻകാർഡ് വിതരണത്തിലെ അപാകതകൾക്ക് പരിഹാരം കാണാത്തതിനാൽ അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ പട്ടിണിയിൽ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ലഭിക്കേണ്ട മഞ്ഞകാർഡിന് പകരം പലർക്കും പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാർഡുകളാണ് ലഭിച്ചത്. ഇതോടെ 48 റേഷൻ കടകളിലായി 192 കുടുംബങ്ങളാണ് ന്യായമായ റേഷൻ ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.

നിലവിൽ ലഭിച്ച കാർഡിന്റെ ആനുകൂല്യം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ആദ്യകാലങ്ങളിൽ അന്ത്യോദയാ അന്നയോജന പദ്ധതിയിൽ അംഗമായിരുന്ന കുടുംബങ്ങൾ പലർക്കുമാണ് ഈ അവസ്ഥ. മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 35 കിലോ ഭക്ഷ്യവസ്തുളോ, അന്ത്യോദയാ അന്നയോജന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പരിഗണനയോ ഈ കുടുംബങ്ങൾക്ക് ലഭിക്കുന്നില്ല. നോൺ സബ്‌സിഡി പൊതുവിഭാഗത്തിൽപ്പെട വെള്ള കാർഡ് ലഭിച്ചവർക്കാണ് വലിയ പ്രതിസന്ധി. ഇവർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.

സബ്‌സിഡിക്ക് അർഹരാണെങ്കിലും ബി.പി.എൽ അംഗങ്ങൾക്ക് ഇപ്പോൾ അഞ്ച് കിലോ അരിയും എ.പി.എൽ വിഭാഗത്തിന് രണ്ടുകിലോ അരിയും മാത്രമാണ് ലഭിക്കുന്നത്. പ്രളയത്തിന് ശേഷം എ.പി.എൽ, ബി.പി.എൽ അംഗങ്ങൾ അഞ്ചുകിലോ അരി സർക്കാർ പ്രത്യേകമായി നൽകുന്നുമുണ്ട്.

ഒന്നരവർഷം മുമ്പ് റേഷൻ കാർഡ് പുതുക്കിയെടുത്തപ്പോൾ ആരംഭിച്ച പ്രശ്നം ഇപ്പോഴും തുടരുകയാണ്. പലതവണ വിഷയം താലൂക്ക് സപ്ലൈ ഓഫീസിൽ അറിയിച്ചിരുന്നു. തുടർന്ന് ജൂലൈയിൽ പുതിയ കാർഡിനുള്ള അപേക്ഷ ഉപഭോക്താക്കളിൽ നിന്ന് സ്വീകരിക്കുകയും ചെതിരുന്നു പക്ഷേ, നാലുമാസം പിന്നിട്ടിട്ടും ഇതിൽമേൽ നടപടിയൊന്നുമായിട്ടില്ല. ഇതോടെ പല കുടുംബങ്ങളും അർദ്ധ പട്ടിണിയിലാണ് കഴിയുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ട് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 പ്രശ്‌നം ഒരാഴ്ചക്കുള്ളിൽ പരിഹരിക്കും
റേഷൻകാർഡ് പുതുക്കി നൽകിയപ്പോൾ അർഹരായ പലരും സബ്‌സിഡി ലഭിക്കാത്ത കാർഡുകളിലേയ്ക്ക് മാറി പോയിട്ടുണ്ട്. ഇ -പോസ് സേവനം ആരംഭിച്ചപ്പോൾ നിലവിലുണ്ടായിരുന്ന അതേ, വിഭാഗത്തിൽ തന്നെയാണ് ഉപഭോക്താക്കളെ ചേർത്തത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഉപഭോക്താക്കളുടെ അടുത്തുനിന്ന് പുതിയ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഐ.ടി വിഭാഗം ഒരാഴ്ചക്കുള്ളിൽ പുതിയ മൊഡ്യൂൾ തുറന്നുതരുമെന്ന് അറിയിച്ചിട്ടുണ്ട്. നടപടിയാകുന്ന പക്ഷം എത്രയും വേഗത്തിൽ പ്രശ്‌നം പരിഹരിക്കുമെന്ന് മണ്ണാർക്കാട് താലൂക്ക് സപ്ലൈഓഫീസ് അധികൃതർ അറിയിച്ചു.