അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ടി.വി.ബിന്ദു അട്ടപ്പാടിയിലെ അഗളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി എത്തിയതിൽ പ്രതിഷേധിച്ച് അട്ടപ്പാടി കർമ്മ സമിതിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് നാമജപയാത്ര സംഘടിപ്പിച്ചു. അഗളി അയ്യപ്പക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നാമജപയാത്ര സ്‌ക്കൂൾ ഗേറ്റിനു മുൻപിൽ പൊലീസ് തടഞ്ഞു. അഞ്ഞൂറോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നുവെങ്കിലും അറുപത് ആളുകൾ മാത്രമാണ് പ്രതിഷേധത്തിനെത്തിയത്. സ്‌കൂളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ സ്‌കൂൾ കവാടം അടച്ചിട്ടാണ് പൊലീസ് തടഞ്ഞത്. അധ്യാപിക കോഴിക്കോട് നിന്ന് അട്ടപ്പാടിയിലേക്ക് സ്ഥലം മാറിയെത്തിയത് അയ്യപ്പഭക്തരായ വിദ്യാർത്ഥികൾക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് കർമ്മ സമിതി ആരോപിച്ചു. അധ്യാപികയെ സ്ഥലം മാറ്റുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
സ്ഥലം മാറിയെത്തിയ അധ്യാപിക ഒക്ടോബർ 29ന് അഗളി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികൾ ശണംവിളിച്ചാണ് എതിരേറ്റതിനെ തുടർന്ന് അധ്യാപിക സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. ജോലിചെയ്യാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക അഗളി പോലീസിൽ പരാതിയും നൽകിയിരുന്നു.