ചിറ്റൂർ: ദേവാസുര യുദ്ധത്തിന്റെ ഓർമ്മ പുതക്കി സുബ്രഹ്മണ്യ ഗണപതി ക്ഷേത്രങ്ങളിൽ ഈ വർഷത്തെ ശൂരസംഹാര മഹോത്സവത്തിന് സമാപനമായി. ദേവന്മാരുടെ പടനായകനായ സുബ്രഹ്മണ്യസ്വാമിയും അസുരന്മാരായ താരകേശരനും പത്മാസുരൻ, ബഹുഗോപൻ തുടങ്ങിയ അസുരന്മാർ നേതൃത്വം നൽകുന്ന അസുരസൈന്യവും തമ്മിൽ നടന്ന യുദ്ധത്തിന്റെ ഓർമ്മ പുതുക്കലാണ് ശൂരസംഹാര മഹോത്സവം.
നല്ലേപ്പിള്ളി, ചിറ്റൂർ, കൊടുമ്പ്, പാറ, കൊഴിഞ്ഞാമ്പാറ, തത്തമംഗലം, നന്ദിയോട് തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. നല്ലേപ്പിള്ളിയിൽ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ഏഴുമുതൽ സ്‌കന്ദപുരാണ പ്രഭാഷണവും ദിവസേന രാത്രിയിൽ വിവിധ കലാപരിപാടികളും ഉത്സവത്തിന് ഭാഗമായി നടന്നു.
ഇന്നലെ രാവിലെ ക്ഷേത്രത്തിൽ രുദ്രാഭിഷേകത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിവിധ പൂജകൾക്കു ശേഷം ഉച്ചയ്ക്ക് 4.30ന് സുബ്രഹ്മണ്യസ്വാമി അസുരന്മാരുമായി സാങ്കൽപിക യുദ്ധം നടന്നു.
അസുരനിഗ്രത്തിനു ശേഷം വിജയാഹ്ലാദവുമായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് മടങ്ങിതോടെ പ്രധാന ഉത്സവത്തിന് കൊടിയിറങ്ങി. ആനയും വിവിധ വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്തും ഉത്സവത്തിനു പകിട്ടേകി.