അലനല്ലൂർ: കൃത്യമായ ഇടവേളകളിൽ കുട്ടികളെ വെള്ളം കുടിപ്പിക്കുന്ന വാട്ടർ മിനുട്ട് പദ്ധിതിയുമായി മൂച്ചിൽ സ്കൂൾ. മനുഷ്യ ശരീരത്തിൽ 60 ശതമാനത്തിലധികം വരുന്ന വെള്ളത്തിന്റെ പ്രാധാന്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തുക. യഥാസമയം വെള്ളം കുടിച്ചില്ലെങ്കിൽ മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ. പി. സ്‌കൂളിൽ അധ്യാപകരെയും വിദ്യാർഥികളെയും നിത്യവും രണ്ടുനേരം വെള്ളം കുടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
സ്‌കൂൾ മന്തിസഭയിലെ ആരോഗ്യ വകുപ്പിന് കീഴിലാണ് പദ്ധതി ആരംഭിച്ചത്. ഉച്ചക്ക് 11.45 നും വൈകുന്നേരം 3 നും പ്രത്യേക ബെൽ അടിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുമിച്ച് വെള്ളം കുടിക്കാൻ സമയമൊരുക്കും. പ്രധാനാധ്യാപിക എ.സതീദേവി പദ്ധതി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സി.കെ.ഹസീനാ മുംതാസ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ എ. സീനത്ത്, കെ. രമാ ദേവി, പി. ജിഷ, ഇ. ഷബ്‌ന, പി. പ്രിയ, ഇ. പ്രിയങ്ക, ടി. പി. മുഫീദ, കെ. ഷീബ, സ്‌കൂൾ ലീഡർ പി. ജൗഹർ,ഡെപ്യുട്ടി ലീഡർ സി. അനഘ എന്നിവർ നേത്യത്വം നൽകി. കുപ്പികളിൽ വെള്ളം നിറക്കുന്നതിനായി ചൂടാറിയ തിളപ്പിച്ച വെള്ളവും പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ വിട്ട് പോകുമ്പോൾ കുപ്പിയിലെ വെള്ളം കുടിച്ചു തീർത്തിട്ടുണ്ടെന്ന് അധ്യാപകരും ക്ലാസ് ലീഡർമാരും ഉറപ്പു വരുത്തും വിധമാണ് വാട്ടർ ബെൽ പദ്ധതി നടപ്പിലാക്കുന്നത്.
ഫോട്ടോ : എടത്തനാട്ടുകര മൂച്ചിക്കൽ ഗവ. എൽ. പി. സ്‌കൂളിൽ ആരംഭിച്ച വാട്ടർ മിനുട്ട് പദ്ധതിയിൽ നിന്ന്