പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
പാലക്കാട്: ഒാട്ടോ ഡ്രൈവറായിരുന്ന കമ്പ പാറലടി പാറക്കൽ വീട്ടിൽ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികളെ ഹേമാംബിക നഗർ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. കമ്പ പാറക്കൽ വീട്ടിൽ റഈസ് (19), അജ്മൽ എന്ന മുനീർ (23), ഷുഹൈബ് (18), മേപ്പറമ്പ് പേഴുംകര സ്വദേശി ഷഫീഖ് (24), കൂടാതെ പ്രായപൂർത്തിയാവാത്ത ഒരാളെയും കഴിഞ്ഞദിവസം രാത്രി മേപ്പറമ്പുവച്ചാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം 8ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുട്ടിക്കുളങ്ങര, ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായ ഷമീർ ഓട്ടോയിൽ വരുന്ന സമയം പാറലോടിന് സമീപം ബൈക്കിൽ കാത്തുനിന്ന പ്രതികൾ സ്റ്റീൽ പൈപ്പുകൊണ്ട് തലക്കടിച്ചും, കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയ ഷമീറിനെ പുറകിൽ ഓടിച്ചിട്ടാണ് അടിച്ചു വീഴ്ത്തിയത്. ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു. നിലത്തുവീണു കിടന്ന ഷമീറിനെ രാത്രിയായതിനാൽ ആരും ശ്രദ്ധിച്ചില്ല.
പ്രതികളുടെ കുടുംബത്തിലെ ഒരു സത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികൾ ആയുധവുമായി കാത്തുനിന്നത്. ഒളിവിൽ പോയ പ്രതികൾക്ക് താമസിക്കാൻ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റുചെയ്തത്. പ്രതികൾക്ക് ഒളിവിൽ താമസിച്ച ഷഫീഖിന്റെ പേഴുംകരയിലുള്ള വാടക വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ഡി.വൈ.എസ്.പി. ജി.ഡി.വിജയകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഷംസുദ്ദീൻ, ഹേമാംബിക നഗർ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ. എസ്.രജീഷ്, എ.എസ്.ഐ ശിവചന്ദ്രൻ , എസ്.സി.പി ഒസതീഷ് ബാബു, പ്രശോഭ്, സി.പി.ഒമാരായ എം.എ.ബിജു ,എ.നവോജ് ഷാ, സി.എൻ.ബിജു , വി.ബി.ജമ്പു, അജേഷ് ,ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ജലീൽ, സി.എസ്.സാജിദ് , ആർ.കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ. രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.