പാലക്കാട്: ഭക്തിസാന്ദ്രമായ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥങ്ങൾ പ്രയാണം തുടങ്ങി. ഒന്നാം തേരുത്സവ ദിവസമായ ഇന്നലെ അലങ്കരിച്ച രഥങ്ങൾ കാണാനും തൊട്ടുതൊഴാനുമായി ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്.
ഉത്സവനാഥനായ വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയും പരിവാര ദേവതകളായ ഗണപതിയും സുബ്രഹ്മണ്യനും രഥത്തിലേറിയതോടെ രഥംവലിക്കുന്ന ചടങ്ങുകൾക്കും തുടക്കമായി. അഗ്രഹാര വീഥിയിലൂടെ കുറച്ചുദൂരം സഞ്ചരിച്ചതിന് ശേഷം രഥം കിഴക്കു ദിശയിലേക്ക് മുഹൂർത്തത്തിന് നീക്കി നിർത്തി. ഇതോടെ രാവിലെത്തെ പ്രദക്ഷിണത്തിന് സമാപനമായി.
നിറുത്തിയിട്ട രഥം കാണുവാനും അനുഗ്രഹംവാങ്ങാനും അപ്പോഴും ഭക്തരുടെ പ്രവാഹമായിരുന്നു. തുടർന്ന് വൈകീട്ട് നാലിന് രഥപ്രയാണം വീണ്ടും ആരംഭിച്ചു. കുണ്ടമ്പലത്തിന് മുന്നിൽ നിന്ന് മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിലെത്തി തിരിച്ച് അച്ഛൻപടിക്കു മുന്നിൽ നിർത്തിയിട്ടു.
തേര് കാണുന്നതും വലിക്കുന്നതും പുണ്യമാണെന്ന വിശ്വാസത്തിൽ രണ്ടാം തേരുത്സവമായി ഇന്നും ദേവരഥസംഗമം നടക്കുന്ന നാളെയും പതിനായിരങ്ങൾ കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തു.
പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ഒമ്പതിന് അശ്വവാഹനം എഴുന്നെള്ളത്തും 10.30നും 11നും ഇടയ്ക്ക് രഥാരോഹണം നടന്നു. 11ന് രഥോത്സവ സദ്യയും നടന്നു. വൈകീട്ട് അഞ്ചിനാണ് വീണ്ടും രഥപ്രയാണം നടന്നത്. കൊടിയേറ്റം മുതൽ നടന്നു വരുന്ന ദേവപാരായണത്തിന് ഇന്ന് രാവിലെ 8.30ന് സമാപനമാകും.
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 11ന് കളഭാഭിഷേകം, രാത്രി പത്തിന് മോഹിനി അലങ്കാരം എന്നിവ നടന്നു. ഇന്ന് രാവിലെ 11ന് കളഭാഭിഷേകം, രാത്രി പത്തിന് കുതിരവാഹന അലങ്കാരം എഴുന്നള്ളത്ത് എന്നിവ നടക്കും. നാളെ രാവിലെ 9.30ന് ദേവപാരായണ സമാപനത്തിന് ശേഷം പത്തിന് രഥാരോഹണം നടക്കും.
ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ഏഴിനും വൈകീട്ട് നാലിനും ദേവപാരായണം, രാത്രി ഒമ്പതിന് മൂഷിക വാഹനം എഴുന്നള്ളത്ത് എന്നിവയും നടന്നു. ഇന്ന് രാത്രി ഒമ്പതിന് അശ്വവാഹനം എഴുന്നള്ളത്ത് നടക്കും. നാളെ രാവിലെ 10നും 10.30നും ഇടയ്ക്കാണ് രഥാരോഹണം.