road
നവീകരണം പൂർത്തിയായ വാണിയംകുളം ചെറുകാട്ടുപുലം റോഡ്.

ഒറ്റപ്പാലം: വാണിയംകുളം - ചെറുകാട്ടുപുലം റോഡുനവീകരണം പൂർത്തിയായതോടെ മൂന്ന് ദിവസമായി തുടർന്നിരുന്ന ഗതാഗത നിയന്ത്രണം പിൻവലിച്ചു. വാണിയംകുളത്ത് നിന്ന് 1.3 കിലോമീറ്റർ ദൂരമാണ് റബ്ബറൈസ് ചെയ്ത് നവീകരിച്ചത്.
വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്‌കൂളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും നിരവധി വാഹനങ്ങൾ പോകുന്ന റോഡ് വർഷങ്ങളായി തകർന്നിരിക്കുകയായിരുന്നു.

രാത്രിയിൽ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് തകർച്ചക്കെതിരെ വിവിധ സംഘടനകൾ സമരം നടത്തിയിരുന്നു. ഇതേ തുടർന്നാണ് നവീകരണം നടത്താൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായത്. ഒരു കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
ഏഴു ഘട്ടപദ്ധതികളായാണ് ഫണ്ട് ലഭിച്ചിട്ടുള്ളത്. റോഡിലെ ബാക്കിയുള്ള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി റബ്ബറൈസ് ചെയ്യുന്നതിനുള്ള പരിശോധനകളും പൂർത്തിയായിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിക്കുന്നതോടെ പൂർണമായും റബ്ബറൈസ് ചെയ്യുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ബാക്കിയുള്ള റോഡിന്റെ നവീകരണത്തിനായി ചെറുകാട്ടുപുലത്തെ കലുങ്ക് പുതുക്കിപ്പണിയലും നേരത്തെ പൂർത്തിയാക്കിയിരുന്നു. ഏഴ് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. റോഡിൽ റബ്ബറൈസ് ചെയ്ത ഭാഗത്ത് സ്രീബ്രാ ലൈനുകളും സിഗ്നലുകളും ഉടൻ സ്ഥാപിക്കും.