waste
ഒറ്റപ്പാലം മിനിസിവിൽ സ്റ്റേഷന് സമീപം മാലിന്യം നിക്ഷേപിച്ച സ്ഥലം ശുചീകരണ തൊഴിലാളികൾ ശുചീകരിക്കുന്നു.

ഒറ്റപ്പാലം: മിനിസിവിൽ സ്റ്റേഷന് സമീപം മാലിന്യം തള്ളിയ പരിസരവാസികൾക്കെതിരെ നടപടിയെടുത്തു. മാലിന്യം തള്ളൽ നിരോധിച്ച റോഡരികിൽ ഇ-മാലിന്യങ്ങളടക്കം കഴിഞ്ഞദിവസം നിക്ഷേപിച്ചിരുന്നു. മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ കുടുംബ ഫോട്ടോ ലഭിച്ചിരുന്നു. ഫോട്ടോ തെളിവായെടുത്ത് അന്വേഷണം നടത്തിയതിനെ തുടർന്ന് ജെ.കെ നഗർ സ്വദേശിയാണ് മാലിന്യംതള്ളിയതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളിൽ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കി. മാലിന്യംതള്ളിയ മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെയും ഉടൻ നടപടിയെടുക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഈ സ്ഥലത്ത് സൂചനാബോർഡ് ഉടൻ സ്ഥാപിക്കും. സ്ഥലത്തെ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരെ ഉൾപ്പെടുത്തി നിരീക്ഷണസമിതിയും രൂപീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.