പാലക്കാട്: വൃശ്ചിക സന്ധ്യയിലെ ദേവരഥ സംഗമം, സുന്ദരമായ ആ കാഴ്ച കാണാൻ വിവിധദേശങ്ങളിൽ നിന്നു ഭക്തകോടികൾ ഇന്ന് കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തും. ആർപ്പുവിളികളും മന്ത്രജപങ്ങളും മാത്രം മുഴങ്ങുന്ന അന്തരീക്ഷത്തിൽ ശ്രീ വിലാലാക്ഷി സമേത വിശ്വനാഥനും ഉപദേവതകളും ആറ് തേരുകളിലായി അഗ്രഹാരവീഥികളെ ധന്യമാക്കിക്കൊണ്ടി പ്രദക്ഷിണം വയ്ക്കും. ഇന്ന് വൈകീട്ട് നാലുണിയോടെ ആരംഭിക്കുന്ന പ്രയാണം ആറുമണിയോടെയാവും തേരുമുട്ടിയിൽ സംഗമിക്കുക.

രണ്ടാം തേര് ദിനമായ ഇന്നലെ പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 8.30ന് ദേവപാരായണ സമാപനം, ആശീർവാദം എന്നിവയ്ക്ക് ശേഷം 10.30നും 11നും ഇടയ്ക്ക് രഥപ്രയാണം നടന്നു. തുടർന്ന് 11ന് രഥോത്സവ സദ്യയും വൈകീട്ട് അഞ്ചിന് വീണ്ടും രഥപ്രയാണം നടന്നു.

പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 11ന് കളഭാഭിഷേകം, രാത്രി പത്തിന് കുതിര വാഹനം അലങ്കാരം എഴുന്നെള്ളത്ത് എന്നിവ നടന്നു. നിരവധിപേരാണ് എഴുന്നെള്ളത്ത് കാണാൻ സാക്ഷിയായത്. ഇന്നുരാവിലെ 9.30ന് ദേവപാരായണ സമാപനത്തിന് ശേഷം 10നും 11നും ഇടയ്ക്ക് രഥാപ്രയാണം നടക്കും.

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെയും വൈകീട്ടും വേദപാരായണം നടന്നു. രാത്രി ഒമ്പതിന് അശ്വവാഹനം എഴുന്നെള്ളത്തും നടന്നു. ഇന്ന് രാവിലെ ഒമ്പതിന് വേദപാരായണ സമാപനത്തിന് ശേഷം 10നും 10.30നും ഇടയ്ക്കു രഥപ്രയാണം നടക്കും.