മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. 17 അംഗ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് സി.പി.ഐ അംഗം യു.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി സാവിത്രിക്ക് സി.പി.എമ്മിന്റെയും സ്വതന്ത്രന്റെയുമടക്കം എട്ടുവോട്ട് ലഭിച്ചു. മറുഭാഗത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എ.സലീനയ്ക്ക് ലീഗ്, കോൺഗ്രസ്, സി.പി.ഐ എന്നിവരുടെ പിന്തുണയിൽ എട്ടു വോട്ട് ലഭിച്ചു. ബി.ജെ.പി അംഗം വോട്ട് അസാധുവാക്കി. ഇതോടെ സമനിലയിലായ മത്സരത്തിൽ ടോസ് ചെയ്യാൻ തീരുമാനിക്കുകയും ഭാഗ്യം യു.ഡി.എഫിനൊപ്പം നിൽക്കുകയുമായിരുന്നു.
വൈകിട്ട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലത്തേതിന്റെ ആവർത്തനമായിരുന്നുവെങ്കിലും ടോസിലെ ഭാഗ്യംകൊണ്ട് സി.പി.എം പിന്തുണയോടെ മത്സരിച്ച സി.എച്ച്.മുഹമ്മദ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫിന് വോട്ട് ചെയ്ത മെമ്പർ പ്രസന്നയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
യു.ഡി.എഫും, എൽ.ഡി.എഫും അധികാരത്തിനുവേണ്ടി സ്വന്തം നിലപാടുകൾ മാറുന്നവരാണെന്ന് തെങ്കര പഞ്ചായത്തിൽ നടന്ന അദ്ധ്യക്ഷന്റെയും ഉപാദ്ധ്യക്ഷന്റെയും തിരഞ്ഞെടുപ്പിൽ വെളിവായതായി ഭാരതീയ ജനതാ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.