വടക്കഞ്ചേരി: സംഭരണശേഷി കൂട്ടുന്നതിനായി മംഗലംഡാമിലെ ചെളി നീക്കംചെയ്യുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായെങ്കിലും ഇതുവരെ നടപടിയൊന്നുമായില്ല. ചെളിയുടെ അളവുകണ്ടെത്തുന്നതിനായി മൂന്നുതവണ സർവേ നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ല.
1966 ൽ ഡാം നിർമ്മിച്ചതിന് ശേഷം ഒരുതവണ പോലും ചെളിനീക്കിയിട്ടില്ല. 2007 ൽ മലയോരമേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണും ചെളിയും ഡാമിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇവ നീക്കംചെയ്യുന്നതിനു മുന്നോടിയായാണ് 2008ൽ ആദ്യം സർവേ നടത്തിയത്. പിന്നീട് 2015ൽ പീച്ചിയിലുള്ള കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ സർവേയിൽ സംഭരണശേഷി 21.98 ശതമാനം കുറഞ്ഞതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് സർക്കാരിനു നൽകിയതല്ലാതെ തുടർനടപടികളുണ്ടായില്ല. അവസാനമായി 2018 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സർവേ നടന്നത്. കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടും ദേശീയ ഭൂമിശാസ്ത്ര പഠനകേന്ദ്രവും ചേർന്ന് നടത്തിയ സർവേയിൽ 30 ലക്ഷം മീറ്റർ ക്യൂബ് ചെളിയും മണ്ണും കല്ലും ഡാമിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിൽ 60 ശതമാനം ചെളിയും 36 ശതമാനം മണലും നാല് ശതമാനം കല്ലുകളുമാണെന്നുമായിരുന്നു നിഗമനം.
സംഭരണശേഷി കൂട്ടുന്നതിനായി ഡാമിന്റെ ഉയരം കൂട്ടാൻ ഡാം സുരക്ഷാ അതോറിട്ടി ശുപാർശ ചെയ്തിരുന്നെങ്കിലും നടപടികളുണ്ടായില്ല. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, പുതുക്കോട്, കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളിൽ രണ്ടാംവിള നെൽക്കൃഷിക്ക് മംഗലംഡാമിൽ നിന്നാണ് വെള്ളം നൽകുന്നത്. വാലറ്റങ്ങളിൽ വെള്ളം ലഭിക്കാതെ എല്ലാവർഷവും കൃഷി ഉണക്കം പതിവാണ്. സംഭരണിയിലെ ചെളിനീക്കം ചെയ്യുന്നതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് ജലസേചനവകുപ്പ് മലമ്പുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.എസ് പത്മകുമാർ പറഞ്ഞു. വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.