ആലത്തൂർ: മോഡേൺ റൈസ് മിൽ നാളെ പ്രവർത്തനം പുനരാരംഭിക്കും. കൃഷി വകുപ്പിന് കീഴിലുള്ള കോട്ടയത്തെ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. വൈകിട്ട് അഞ്ചിന് മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനാകും. പി.കെ.ബിജു എം.പി മുഖ്യപ്രഭാഷണം നടത്തും.
ജൂണിലാണ് നടത്തിപ്പ് ചുമതല ഓയിൽ പാമിന് നൽകാൻ തീരുമാനമായത്. ഓയിൽ പാം ഇന്ത്യ പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്ന് വർഷങ്ങളായി നെല്ല് സംഭരിക്കുന്നുണ്ട്. വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണും മിൽ നടത്തിപ്പിന് വിട്ടുനൽകും. മോഡേൺ റൈസ് മിൽ പ്രവർത്തന സജ്ജമാവുന്നതോടെ താലൂക്കിലെ 16 പഞ്ചായത്തുകളിലായി 12,000 ഏക്കർ സ്ഥലത്ത് ഒന്നാം വിളയിലും രണ്ടാം വിളയിലും ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും പുഴുങ്ങി അരിയാക്കാൻ സാധിക്കും.
സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ കീഴിൽ 2000ൽ നിർമ്മാണാനുമതി ലഭിക്കുകയും 2008ൽ പൂർത്തീകരിക്കുകയും ചെയ്തതാണ് മിൽ. ദിവസം രണ്ട് ഷിഫ്റ്റിലായി 40 ടൺ വീതം ഒരു വർഷം 12,000 ടൺ നെല്ല് അരിയാക്കാൻ കഴിയും. ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഉല്പാദിപ്പിക്കുന്ന അരി സംസ്ഥാനത്തെ 60 വെയർ ഹൗസുകളിലൂടെ വില്പന നടത്തും.