ചെർപ്പുളശേരി: മണ്ഡല കാലത്തിന് തുടക്കം കുറിച്ചതോടെ മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശേരി അയ്യപ്പൻകാവിലും ആയിരക്കണക്കിന് തീർത്ഥാടകരെത്തും. ശബരിമലയിലേക്ക് പോകുന്നതിന് മുമ്പായി മാലയണിയുന്നതിനും കെട്ടുനിറക്കുന്നതിനും വലിയ തിരക്കാകും മണ്ഡലകാലത്ത് ഇവിടെ അനുഭവപ്പെടുക.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തരും ഇവിടെ ദർശനം നടത്താറുണ്ട്. മണ്ഡലകാലത്ത് 12 ദിവസം നീണ്ടു നിൽക്കുന്ന നവകം, പഞ്ചഗവ്യാഭിഷേക ചടങ്ങുകളൾക്കും ഇന്ന് രാവിലെ ഏഴിന് തുടക്കമാകും. വൃശ്ചികം 13ന് കളഭാഭിഷേകവും ഉണ്ടാകും.തന്ത്രി അഴകത്ത് ശാസ്തൃ ശർമൻ നമ്പൂതിരിപ്പാട്, മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിക്കും. മണ്ഡലകാലം മുഴുവൻ നടക്കുന്ന തീയ്യാട്ടിനും ഇന്ന് തുടക്കമാകും. തിയ്യാടി ജയചന്ദ്രൻ നമ്പ്യാർ തിയ്യാട്ടിന് കാർമ്മികത്വം വഹിക്കും. 38 ശനിയാഴ്ചകളിൽ അന്നദാനം, ശനി, ബുധൻ ദിവസങ്ങളിൽ അയ്യപ്പൻ വിളക്ക് എന്നിവയുമുണ്ടാകും.

തീർത്ഥാടകർക്ക് കൂടുതൽ സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ 4.30 മുതൽ 11.30 വരെയും വൈകീട്ട് 5.30 മുതൽ രാത്രി എട്ടുവരെയും ദർശന സൗകര്യമൊരുക്കും. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം കൂടിയായതിനാൽ ഭക്തർക്ക് വിരിവെക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.