town-hall
മാർക്കറ്റിംഗ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം സാംസ്കാരി നിലയത്തിനായി കണ്ടെത്തിയ സ്ഥലം

ഒറ്റപ്പാലം: മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം നഗരസഭയുടെ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 2018 - 19 വർഷത്തെ നഗരസഭാ ബഡ്ജറ്റിൽ വകയിരുത്തിയ പത്തുകോടി രൂപ ചെലവിൽ പണിയുന്ന സാംസ്‌കാരിക നിലയന്റെ നിർമ്മാണ ചുമതല നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിനായിരിക്കും.

പദ്ധതിക്കുവേണ്ടി ആദ്യം തയ്യാറാക്കിയ പദ്ധതിരേഖ പുതുക്കി വിശദമായ പദ്ധതിരേഖയും അനുബന്ധ രേഖകളും എം.എൽ.എയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്ന്നഗരസഭ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി അറിയിച്ചു. പാലക്കാട്ടെ അംഗീകൃത സർക്കാർ ഏജൻസിയാണ് പദ്ധതി രേഖ തയ്യാറാക്കിയത്.

പൊതു ജനപങ്കാളിത്തം കൂടുതൽ ഉറപ്പാക്കാൻ രാഷ്ട്രീയ സാംസ്‌കാരിക പരിപാടികളെല്ലാം നടത്താൻ പാകത്തിനുള്ള കെട്ടിടമാണ് നിർമ്മിക്കുക. നിലവിൽ സമ്മേളനങ്ങൾ അടക്കമുള്ള പരിപാടികൾ നടത്താൻ നഗരത്തിലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയം മാത്രമാണുള്ളത്. ബസ് സ്റ്റാൻഡിനോട് ചേർന്നുകിടക്കുന്ന ഓഡിറ്റോറിയം ഇടുങ്ങിയതും പാർക്കിംഗ് സൗകര്യം ഇല്ലാത്തതുമാണ്. ഈ പോരായ്മകൾ മുന്നിൽ കണ്ടാണ് പി.ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്.

സാംസ്‌കാരിക നിലയത്തിനായി കണ്ടെത്തിയ സ്ഥലം നിലവിൽ കാടുമൂടിക്കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ പപ്പോഴും വാഹനങ്ങളിലെത്തി ഇവിടെ മാലിന്യംതള്ളുന്ന പ്രവണതയുമുണ്ട്. സാംസ്‌ക്കാരിക നിലയം വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മാർക്കറ്റിംഗ് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം സാംസ്കാരി നിലയത്തിനായി കണ്ടെത്തിയ സ്ഥലം