temple
അയ്യപ്പൻകാവിൽ മാലയിടാൻ എത്തിയ ഭക്തർ

ചെർപ്പുളശ്ശേരി: മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ വൃശ്ചിക പുലരിയിൽ മാലയിടാൻ എത്തിയത് വിരലിലെണ്ണാവുന്ന അയ്യപ്പ ഭക്തർ മാത്രം. സാധാരണ മണ്ഡല വ്രതാരംഭത്തിന് തുടക്കംകുറിക്കുന്ന ദിവസം ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പൻകാവിൽ മാലയിടാനും കെട്ടുനിറക്കാനുമായി എത്തുക. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങൾ ഭക്തരെ ബാധിച്ച കാഴ്ചയാണ് അയ്യപ്പൻകാവിൽ കണ്ടത്. വൃശ്ചികം ഒന്നിന് കെട്ടുനിറച്ച് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി, നൂറിലധികം കെട്ടുനിറ ഉണ്ടാകാറുള്ള ഒന്നാം തിയതി, ഇത്തവണ രാവിലെ ശീട്ടാക്കിയത് 15 പേർ മാത്രമാണെന്നും ക്ഷേത്രം മാനേജർ പറഞ്ഞു. മണ്ഡലകാലം പ്രതീക്ഷിച്ചുള്ള സമീപത്തെ കച്ചവടക്കാരെയും ഇത് ബാധിച്ചു. മാലയും, മുണ്ടും, കെട്ടുനിറക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനും തിരക്കുണ്ടായില്ല. ശബരിമലയിലെ ഇപ്പോഴത്തെ വിഷയങ്ങളിൽ മാലയിടാനെത്തിയ ഭക്തർ ആശങ്ക പങ്കുവക്കുകയും ചെയ്തു. മണ്ഡലകാലത്ത് 12 ദിവസം നീണ്ടു നിൽക്കുന്ന നവകം, പഞ്ചഗവ്യഭിഷേക ചടങ്ങുകൾക്കും ക്ഷേത്രത്തിൽ തുടക്കം കുറിച്ചു. 13ന് കളഭാഭിഷേകവും ഉണ്ടാകും .മണ്ഡലകാലം മുഴുവൻ നടക്കുന്ന അയ്യപ്പൻ തീയ്യാട്ടിനും തുടക്കമായി . മുപ്പെട്ട് ശനിയാഴ്ചകളിൽ അന്നദാനവും ഉണ്ടാകും.