ചെർപ്പുളശ്ശേരി: നഗരത്തിലെ അഴുക്കുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ കാൽനടയാത്രക്കാർക്ക് അപകടക്കെണിയാവുന്നു. കഴിഞ്ഞവർഷം നഗരശുചീകരണത്തിന്റെ ഭാഗമായി അഴുക്കുചാലിന്റെ സ്ലാബുകൾ നീക്കം ചെയ്ത് വൃത്തിയാക്കിയിരുന്നു. പക്ഷേ, കൃത്യമായല്ല സ്ലാബുകൾ പുനസ്ഥാപിച്ചത്. പല ഭാഗത്തും സ്ലാബുകൾ ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്. ഇതോടെ സ്ലാബുകളിൽ തട്ടി കാൽനടയാത്രക്കാർ വീഴുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ഒറ്റപ്പാലം റോഡിലെ ഹോട്ടലിന് മുന്നിൽ കഴിഞ്ഞദിവസം സ്ലാബിൽത്തട്ടി വീണ യാത്രക്കാരന്റെ മുഖത്തും, കൈയ്ക്കും പരിക്കേറ്റിരുന്നു. സമീപത്തെ കച്ചവടക്കാരനാണ് വീണുകിടന്ന യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളും സ്ത്രീകളും ഉൾപ്പടെ ദിവസവും നൂറുകണക്കിന് യാത്രക്കാർ പോകുന്ന നടപ്പാതയിലെ അപകടക്കെണി ഉടൻ പരിഹരിക്കണമെന്നതാണ് ആവശ്യം. നഗരസഭ അടിയന്തിരമായി ഇടപെട്ട് അപകടകരമായി നിൽക്കുന്ന സ്ലാബുകൾ മാറ്റി പുനസ്ഥാപിക്കണമെന്നാണ് കച്ചവടക്കാരും ആവശ്യപ്പെടുന്നത്.
ചെർപ്പുളശേരി നഗരത്തിലെ നടപ്പാതയിൽ സ്ലാബുകൾ യഥാക്രമം സ്ഥാപിക്കാത്ത നിലയിൽ