പാലക്കാട്: ജില്ലാ ആശുപത്രി ഒ.പി പരിശോധന ഇന്ന് മുതൽ കാന്റീന് സമീപത്തുള്ള പഴയ വനിതാ വാർഡിൽ. ചികിത്സ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നവീകരണം നടത്തുന്നതിനായാണ് ഒ.പി നിലവിലുള്ളിടത്ത് നിന്ന് താത്കാലികമായി എഫ്.എം വാർഡിലേക്ക് മാറ്റുന്നത്. വനിതാശിശു ആശുപത്രിക്ക് അഭിമുഖമായുള്ള ജില്ലാ ആശുപത്രിയുടെ പിൻവശത്തുള്ള കവാടത്തിലൂടെ രോഗികൾക്ക് ഒ.പിയിലേക്ക് പ്രവേശിക്കാം.

നിലവിലെ ഒ.പി ബ്ലോക്ക് നവകേരള മിഷൻ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കും. 90 ലക്ഷം രൂപ ചെലവിലാണ് നവീകരണം. നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എഫ്.എം വാർഡിലെ രോഗികളെ എ.ആർ.മേനോൻ ബ്ലോക്കിലെ എം.എം വാർഡിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു.

പുരുഷ വാർഡിന് സമീപം ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കും. താത്കാലിക സംവിധാനമെന്ന നിലയിൽ ഒ.പി വിഭാഗം ആവശ്യമെങ്കിൽ നെഹ്‌റു വാർഡിലേക്കും മാറ്റും. ഫാർമസിക്ക് കൂടുതൽ സ്ഥലം വേണമെങ്കിൽ എച്ച്.എം.സി ഹാളിലേക്കും മാറ്റും. മെഡിസിൻ, സർജറി, കാർഡിയോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ സ്പെഷ്യൽ ഒ.പികളാണ് മാറ്റുന്നത്. ഇ.എൻ.ടി, ഒഫ്താൽമോളജി, സ്‌കിൻ, സൈക്യാട്രി ഒ.പികൾ നിലവിലുള്ളിടത്ത് തുടരും.