വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിന്റെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതി ഗുരുതരമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പ്രളയ സമയത്ത് തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് തുരങ്ക കവാടിത്തിന് മുകളിലുള്ള മലയിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് വീണിരുന്നു. കുതിരാനിൽ നിലവിലുള്ള റോഡിൽ അഞ്ചിടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. ഇവിടങ്ങളിൽ വീണ്ടും മണ്ണിടിയാനുള്ള സ്ഥിതിയുണ്ടെന്ന് സമിതി വിലയിരുത്തി.
നിർമ്മാണം പൂർത്തിയായ ഇടതുതുരങ്കത്തിനുള്ളിൽ ഉറവ തുടരുന്നതും സമിതി നിരീക്ഷിച്ചു. ഇടതുതുരങ്കത്തിൽ ഉരുക്ക് പാളികൾ ഘടിപ്പിച്ച് ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തയതിന്റെ ഇടയിലൂടെയാണ് വെള്ളം കിനിഞ്ഞിറങ്ങുന്നത്. തുരങ്ക നിർമ്മാണ കമ്പനിയായ പ്രഗതി ഗ്രൂപ്പ് ഉറവ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല.
തുരങ്കത്തിനുള്ളിൽ ഉറവ ഉണ്ടാകുമെന്ന് നിർമ്മാണ സമയത്ത് തന്നെ പ്രഗതി ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ഉറവ വരുന്ന ഭാഗങ്ങളിൽ ദ്വാരങ്ങളിട്ട് പൈപ്പുവഴി വെള്ളം ചാലിലേക്ക് ഒഴുക്കിവിടാനുളള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. 500റോളം സ്ഥലങ്ങളിലാണ് ഉറവവെള്ളം ഒഴുക്കിക്കളയാൻ ദ്വാരങ്ങളിട്ടിട്ടുള്ളത്. എന്നാൽ തുരങ്കത്തിനുള്ളിൽ പരക്കെ വെള്ളം കിനിഞ്ഞിറങ്ങുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
തുരങ്കത്തിൽ അപകടഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടെയുള്ള മണ്ണ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജിയോളജി വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. റിപ്പോർട്ട് പഠിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമിതി അംഗം കൂടിയായ ഒല്ലൂർ എം.എൽ.എ കെ.രാജൻ പറഞ്ഞു. മുല്ലക്കര രത്നാകരൻ എം.എൽ.എ ചെയർമാനായ സമിതി കഴിഞ്ഞ ദിവസമാണ് സന്ദർശനം നടത്തിയത്.