പാലക്കാട്: കാട്ടാനശല്യം പ്രതിരോധിക്കാനുള്ള റെയിൽവേലി പദ്ധതി അനിശ്ചിതത്വത്തിൽ. കഞ്ചിക്കോട് മുതൽ വാളയാർ വരെയുള്ള ജനവാസ മേഖലകളിലേക്ക് കാട്ടാനകളിറങ്ങുന്നത് തടയുന്നതിന് വേണ്ടിയാണ് വനംവകുപ്പ് റെയിൽവേലി പദ്ധതി നടപ്പാക്കിയത്. ഈ പ്രദേശങ്ങളിൽ കാട്ടാനകളിറങ്ങി കൃഷിക്ക് മാത്രമല്ല മനുഷ്യജീവനും ഭീഷണിയാണ്.
ഒരാഴ്ച മുമ്പാണ് വാളയാർ നടുപ്പതി കോളനിയിൽ മണികണ്ഠൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇത്തരത്തിൽ ഓരോ മരണങ്ങളുണ്ടാകുമ്പോഴും കാട്ടാന ശല്യത്തിനതിരെ നടപടി സ്വീകരിക്കാമെന്നുള്ള വാക്കുമാത്രമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നതെന്ന് നാട്ടുകാരുടെ പരാതി.
കഞ്ചിക്കോട് മുതൽ വാളയാർ വരെ വനമേഖലയോട് ചേർന്നുള്ള ആറ് കിലോമീറ്റർ ദൂരത്തിൽ ലൈൻ ബിയിൽ റെയിൽവേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനായി 2015ൽ ഒമ്പത് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർ, റെയിൽവേയുടെ പ്രതിനിധി, പഞ്ചായത്തംഗം എന്നിവർ ഉൾപ്പെട്ട സമിതിക്കാണ് നിർവാഹണ ചുമതല.
വനാതിർത്തിയിൽ കിടങ്ങുകളും സോളാർ വൈദ്യുതി വേലിയും വർഷന്തോറും സ്ഥാപിക്കുന്നുണ്ടെങ്കിലും ഏറെ പ്രധാനപ്പെട്ട റെയിൽപാളത്തിന്റെ ഇരുമ്പ് ഉപയോഗിച്ചുള്ള റെയിൽവേലി സ്ഥാപിക്കുന്നത് എങ്ങുമെത്തിയിട്ടില്ല. കഞ്ചിക്കോട് മേഖലയിലെ റെയിൽവേ ട്രാക്ക് മറികടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രകളിലേക്കും കൃഷിയിടത്തിലേക്കും എത്തുന്നത്. ഇതുമൂലം വ്യാപകമായ കൃഷിനാശം ഉണ്ടാകുമ്പോഴും സർക്കാർ നൽകുന്നത് തുച്ഛമായ നഷ്ടപരിഹാരവും. ഇതോടെ കൃഷിയിറക്കാൻ കർഷകർ മടിക്കുകയാണ്. അതുകൊണ്ട് കാട്ടാനശല്യത്തിൽ നിന്ന് പരിഹാരം നേടുന്നതിനുള്ള റെയിൽവേലി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
സർക്കാർ തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഹൈകോടതി ഉത്തരവ് പ്രകാരം റെയിവേയുടെ അപ്രൂവൽ ഉണ്ടെങ്കിലേ വേലി സ്ഥാപിക്കാനാകൂ. അംഗീകാരം കിട്ടിയാലുടൻ വേലി സ്ഥാപിക്കും.
നരേന്ദ്രനാഥ് വേലൂരി, ഡി.എഫ്.ഒ, പാലക്കാട്