പാലക്കാട്: ഗജ ചുഴലിക്കാറ്റ് ദുരിതംവിതച്ച തമിഴ്‌നാട്ടിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ പാലക്കാടുനിന്ന് കെ.എസ്.ഇ.ബി ജീവക്കാർ യാത്രതിരിച്ചു. പാലക്കാട്, ഷൊർണൂർ ഇലക്ട്രിക്കൽ സർക്കിളുകളിൽ നിന്നായി സബ് എൻജിനീയർ മുതൽ വർക്കർ വരെയുള്ള ജീവനക്കാരും കരാർ തൊഴിലാളുകളടക്കം 57 പേരാണ് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലേക്ക് യാത്രതിരിച്ചത്. തമിഴ്‌നാട് സഹായ വാഗ്ദാനം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളം അഞ്ച് സംഘത്തെ അയക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സേവന പ്രവർത്തനത്തിൽ ഏർപ്പെടാൻ സ്വമേധയാ തയ്യാറായി വന്ന ജീവനക്കാരുടെ സംഘമാണ് ഇന്നലെ രാവിലെ ഒമ്പതുമണിയോടെ പാലക്കാട് നിന്ന് പുറപ്പെട്ടത്. യാത്രാ സംഘത്തെ കെ.എസ്.ഇ.ബി.എൽ ഉത്തരമേഖല ചീഫ് എൻജിനീയർ കെ.പരമേശ്വരൻ ഫളാഗ് ഒഫ് ചെയ്തു. ഷൊർണൂർ ഡെപ്യൂട്ടി ചീഫ് എൻജീനിയർ കെ.ബി.സ്വാമിനാഥൻ, പാലക്കാട് സർക്കിൾ എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ.പ്രമീള, ആലത്തൂർ ഡിവിഷൻ എൻജിനീയർ സെറീന ബാനു, ചിറ്റൂർ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജീനീയർ അബ്ദുൽ ജലീൽ, വി.വി.വിജയൻ, കെ.ആർ.മോഹൻദാസ്, സതീഷ് കുമാർ പങ്കെടുത്തു.