പാലക്കാട്: തമിഴ്‌നാട്ടിൽ എച്ച് 1 എൻ 1 പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇൻഫ്ലുവൻസ വൈറസ് മൂലം ഉണ്ടാകുന്ന എച്ച് 1 എൻ 1 പനി വായുവിലൂടെയാണ് പകരുന്നത്. ജില്ലയിൽ ഇതുവരെ ആർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

രോഗലക്ഷണങ്ങൾ

പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ.

 ശ്രദ്ധിക്കേണ്ടവ

 രോഗശമനത്തിന് ഇളം ചൂടുള്ളതും പോഷകഗുണമുള്ളതുമായ കഞ്ഞിവെള്ളം പോലുള്ള പാനീയങ്ങൾ ധാരാളം കുടിക്കുക.
 പോഷകാഹാരം കഴിക്കുക.
 രോഗലക്ഷണം കണ്ടാൽ പൂർണമായി വിശ്രമിക്കുക.
 രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതിരിക്കുക, സ്‌കൂൾ - ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറയ്ക്കുക.
 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്ത സമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നം ഉള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.


. വായുവിലൂടെ പകരുന്ന രോഗമായതിനാൽ കൂടുതൽ ശ്രദ്ധയാവശ്യമാണ്. കാറ്റുംമഴയും ഉള്ളതിനാൽ ഭൂരിഭാഗം പേരും ജലദോഷ പനിയെ അവഗണിക്കുന്നത് മാറ്റണം. ബോധവത്കരണം നടക്കുന്നുണ്ട്. ജില്ലയിൽ നിന്ന് അന്യസംസ്ഥാനത്തേക്ക് പോകുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണം. എച്ച് 1 എൻ 1 പനിക്കുള്ള മരുന്നുകൾ ലഭ്യമാണ്. ഡോ.കെ.പി.റീത്ത, ഡി.എം.ഒ പാലക്കാട്.