വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത മുടപ്പല്ലൂർ കരിപ്പാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും സ്‌കൂട്ടറും കവർന്ന സംഭവത്തിൽ അന്വേഷണം ഇഴയുന്നു. വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് നിഗമനം. വടക്കഞ്ചേരി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഒരാഴ്ച മുമ്പായിരുന്നു പൂട്ടിക്കിടന്നിരുന്ന റിട്ട. ബാങ്ക് ജീവനക്കാരൻ കുഞ്ചുവിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയത്.
പത്തുപവനോളം വരുന്ന സ്വർണാഭരണങ്ങൾ, 75,000 രൂപ വിലയുള്ള ഡയമണ്ട് മാല, നാലുവർഷം പഴക്കമുള്ള സ്‌കൂട്ടർ, മൂന്ന് നിലവിളക്കുകൾ തുടങ്ങിയവ കവർന്നത്. സ്‌കൂട്ടറിന്റെ ഒറിജിനൽ രേഖകളും അലമാരയിൽ
നിന്നും മോഷ്ടിച്ചു.
പത്തിന് രാവിലെയാണ് കുഞ്ചുവും കുടുംബവും വീടുപൂട്ടി കാസർഗോഡുള്ള സുഹൃത്തിന്റെ വീട്ടിൽ പോയത്. പതിനൊന്നിന് വളർത്ത് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ എത്തിയ അയൽവാസിയാണ് കവർച്ചാശ്രമം ശ്രദ്ധയിൽപ്പെട്ട് വിവരം വീട്ടുകാരെ അറിയിച്ചത്. വീടിനു മുന്നിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്കും കണ്ടെത്തിയിരുന്നു. ഈ ബൈക്ക് കൊല്ലങ്കോട് നിന്നും മോഷ്ടിച്ചതാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലങ്കോട് ഒരു ബാങ്ക് ജീവനക്കാരന്റെതായിരുന്നു ബൈക്ക്. പെട്രോൾ ഇല്ലാതിരുന്ന സ്‌കൂട്ടറിൽ, ബൈക്കിലെ പെട്രോൾ ഒഴിച്ചാണ് സ്‌കൂട്ടർ കൊണ്ടുപോയത്. മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. യാത്രപോയ തങ്ങൾ രാത്രി എത്തില്ലെന്ന് ഉറപ്പാക്കി കൊണ്ടുള്ള കവർച്ചയാണ് നടന്നതെന്ന് വീട്ടുകാർ പറഞ്ഞു.