പാലക്കാട്: ശബരിമലയുടെ പേരിൽ സംഘപരിവാർ സംഘടനകൾ കേരളത്തെ പിളർക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രഭാഷകനും ചിന്തകനുമായ ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണ സമിതി പാലക്കാട് ഗവ. മോയൻ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച 'ശബരിമല കോടതി വിധിയും നവോത്ഥാന പാരമ്പര്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ ഒരു സുവണാവസരമായാണ് വർഗീയവാതികൾ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അവരുണ്ടാക്കുന്ന അക്രമങ്ങളെ ഭയപ്പെടുകയല്ല വേണ്ടത്, അതിനെ ചെറുത്തു തോൽപ്പിക്കണം. ശബരിമല കൈവിട്ടുപോയെന്നു പറഞ്ഞ് പലർക്കും ഇപ്പോൾ നിരാശയാണ്. പക്ഷേ, എനിക്കതില്ല. ഒരു നൂറ്റാണ്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്ത മൂല്യങ്ങളെ മതഭ്രാന്തുകൊണ്ട് നശിപ്പിക്കാൻ കഴിയില്ല. അതിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദുത്വവാദികൾക്കുള്ള വിധി ഭാവിയിൽ വിലയിരുത്തും. സാഹോദര്യത്തിന്റെ അടിസ്ഥാനം തുല്യതയെന്നതാണ്. എന്നാൽ, ജാതി ഉള്ളിടത്ത് സാഹോദര്യം നശിക്കുന്നു. എല്ലാ മനുഷ്യർക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയിൽ പറയുന്നത്. മനുഷ്യരുടെ മതവിശ്വാസത്തിനും തുല്യാവകാശമുണ്ട്. അതിനെ ലിംഗവിവേചനത്തിന്റെ പേരിൽ മാറ്റിനിർത്താൻ സാധിക്കില്ലെന്നും ഇതിന്റെ പേരിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി ചെയർമാൻ മുണ്ടൂർ സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി.ആർ.അജയൻ, കെ.ഇ.ഇസ്മയിൽ, കെ.കെ.ദിവാകരൻ, രാധാകൃഷ്ണൻ നായർ, കെ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.