ഒറ്റപ്പാലം: മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കണ്ണിയംപുറം സർക്കാർ ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന വിപുലീകരണ പ്രവർത്തനങ്ങൾ ഡിസംബർ ആദ്യവാരത്തോടെ പൂർത്തിയാകുമെന്ന് പി.ഉണ്ണി എം.എൽ.എ അറിയിച്ചു. 15 രോഗികളെ ചികിത്സിക്കാവുന്ന പ്രത്യേക പുരുഷ വാർഡും പുതിയ ഒ.പി ബ്ലോക്കും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
ആയുർവേദ വകുപ്പിന്റെ 40 ലക്ഷം രൂപയും പി. ഉണ്ണി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 90 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണങ്ങൾ നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
നിലവിൽ 25 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഇരുന്നൂറിലധികം രോഗികൾ ദിവസവും ഇവിടെ ചികിത്സതേടിയെത്താറുണ്ട്. ഡോക്ടർമാർക്കുള്ള മുറി, ചികിത്സതേടിയെത്തുന്ന രോഗികൾക്ക് ഇരിപ്പിട സൗകര്യങ്ങൾ എന്നിവയുൾപ്പെടെ പുതിയ ഒ.പി ബ്ലോക്കിൽ ഉണ്ടാകും. പുരുഷ വാർഡിൽ ടൈൽസ് വിരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്.
ആശുപത്രിക്ക് ചുറ്റുമതിൽ കെട്ടുക, മുറ്റം ടൈൽസ് വിരിക്കുക, പൂന്തോട്ടം നിർമാണം എന്നിവയ്ക്കായി 40 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നടുവേദന, മുട്ടുവേദന, വിവിധതരം വാതങ്ങൾ, പൈൽസ്, ഉളുക്ക്, അപകടങ്ങളിൽ അസ്ഥികൾക്കുണ്ടാകുന്ന പൊട്ടൽ എന്നിവയ്ക്ക് ചികിത്സ തേടിയാണ് വിവിധ പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരും ഇവിടെ എത്തുന്നത്. വരും മാസങ്ങളിൽ കിടത്തി ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് ബുക്കിങ് ഇപ്പോഴെ പൂർത്തിയായിട്ടുണ്ട്. പുതിയ പുരുഷ വാർഡ് പൂർത്തിയാകുന്നതോടെ നാൽപതോളം പേർക്ക് കിടത്തി ചികിത്സയോടെയുള്ള സൗകര്യം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മികച്ച പഞ്ചകർമ യൂണിറ്റ് പ്രവർത്തിക്കുന്ന ഇവിടെ നാലു ഡോക്ടർമാരാണ് ചികിത്സ നൽകുന്നത്.