ഒറ്റപ്പാലം: ഇന്റർലോക്ക് ടൈലുകൾ വിരിക്കുന്ന പ്രവർത്തികൾ പൂർത്തിയായതോടെ നഗരസഭ ബസ് സ്റ്റാന്റ് ഇന്ന് തുറന്നു കൊടുക്കും. പഴയ സ്റ്റാന്റ് പരിസരത്തേയും കൂട്ടി ഏകദേശം 14000 ചതുരശ്ര അടി സ്ഥലത്താണ് ഇന്റർലോക്ക് കട്ടകൾ വിരിച്ചിരിക്കുന്നത്.
ബസുകൾ സ്റ്റാന്റിനകത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തും യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള വഴിയിലും ടൈലുകൾ പാകിയിട്ടുണ്ട്. സ്റ്റാന്റ് ഇന്ന് തുറന്നുകൊടുത്താലും പഴയ സ്റ്റാൻഡ് പരിസരത്തു മാത്രമേ ബസുകൾ നിർത്തിയിടാൻ അനുവദിക്കുകയുള്ളു. കെട്ടിടത്തിലെ മറ്റുപണികൾ പൂർത്തിയാക്കി ഉദ്ഘാടനത്തിന് ശേഷം മാത്രമേ പുതിയ സ്റ്റാൻഡ് തുറക്കു എന്നാണ് നഗരസഭാധ്യക്ഷൻ എൻ.എം നാരായണൻ നമ്പൂതിരി പറയുന്നത്. പുതിയ കെട്ടിടത്തിൽ വൈദ്യുതി, പെയിന്റിംഗ് ഉൾപ്പടെയുള്ള പണികൾ പുരോഗമിക്കുകയാണ്.
നിലവിൽ ബസുകൾ നിർത്തിയിടാനോ യാത്രക്കാരെ കയറ്റാനോ നഗരത്തിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്. സ്റ്റാന്റ് തുറക്കുന്നതോടെ നഗരത്തിൽ ബസുകൾക്കായി നടപ്പാക്കിയ താത്കാലിക ക്രമീകരണങ്ങൾ പിൻവലിക്കും. ഈ മാസം നാലിനാണ് നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്റ്റാൻഡ് അടച്ചിട്ടത്. ഇതിനെ തുടർന്ന് ബസുകൾക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി താത്കാലിക ക്രമീകരണം നടപ്പാക്കുകയായിരുന്നു.
ടൈൽ വിരിക്കൽ പൂർത്തിയായ ബസ് സ്റ്റാൻഡ്