ചിറ്റൂർ: ആളിയാറിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം ഒഴുകിയെത്തിയതിനെ തുടർന്ന് മൂലത്തറ താത്കാലിക തടയണ പൊട്ടി. മൂലത്തറ ഡാമിന്റെ നവീകരണ പ്രവർത്തികൾ നടന്നുവരുന്നതിനിടെയാണ് തടയണപൊട്ടിയത്. പ്രളയത്തിലും താല്ക്കാലിക തടയണ പൊട്ടി വെള്ളം പുഴയിലേക്ക് ഒഴുകി ഹെക്ടർ കണക്കിന് കൃഷിനശിച്ചിരുന്നു. രണ്ടാംവിള കൃഷിയിറക്കാൻ പറ്റാത്തതിനാൽ കർഷകരുടെ പരാതി പരിഗണിച്ചാണ് വീണ്ടും താത്കാലിക തടയണയുടെ ജോലി പുനരാരംഭിച്ചത്. തടയണയിൽ നിന്നും എൽ.ബി.സി വഴി വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളം ലഭിക്കുന്നില്ലെന്ന പരാതി വീണ്ടും ഉയർന്നതിനെ തുടർന്ന് തടയണയിലെ വ്യാസം കുറഞ്ഞ പൈപ്പുകൾ മാറ്റി വ്യാസം കൂടിയ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. തടയണ വീണ്ടും പൊട്ടിയത് പെരുമാട്ടി, പട്ടഞ്ചേരി ,വണ്ടിത്താവളം, കൊടുവായൂർ, പല്ലശേന, ചിറ്റൂർ തത്തമംഗലം നഗരസഭ, പെരുവെമ്പ് തുടങ്ങിയ പഞ്ചായത്തിലെ കർഷകരെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.