നെല്ലിയാമ്പതി: പ്രളയത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി പാടെ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ മൂന്നു മാസങ്ങൾക്ക് ശേഷം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിട്ടും യാത്രാദുരിതത്തിന് പരിഹാരമായില്ല. നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ബസു കയറിയാൽ പോത്തുണ്ടി കൈകാട്ടിപ്പാതയിൽ കുണ്ടറച്ചോലയിൽ യാത്രക്കാരെ ഇറക്കിവിടും. പിന്നെ യാത്രക്കാർ കാൽനടയായി താത്കാലിക പാലംകടക്കണം. പിന്നാലെ കെ.എസ്.ആർ.ടി.സിയും പാലക്കടന്നെത്തിയാൽ വീണ്ടും ആളുകളെ കയറ്റി യാത്ര പുനരാരംഭിക്കും.
ആഗസ്റ്റ് 16നുണ്ടായ ഉരുൾപൊട്ടലിലാണ് ഈ ഭാഗത്തെ താത്കാലിക പാലം ഒലിച്ചുപോയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സിമന്റ് കുഴലുകൾ നിരത്തി അതിനു മുകളിൽ മണൽച്ചാക്കുകൾ വെച്ചാണ് താത്കാലിക പാലം നിർമ്മിച്ചത്. തുടക്കത്തിൽ ചെറിയ വാഹനങ്ങൾ മാത്രമാണ് കടന്നുപോയിയിരുന്നത്. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞാഴ്ചയാണ് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചത്. പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നുപോകുന്നത് അപകടത്തിനിടയാക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിയന്ത്രണം. ബസ് സർവീസ് ആരംഭിച്ചതോടെ നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയലേക്കുള്ള ബസിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ പറയുന്നു.
കുണ്ടറച്ചോലയിൽ പുതിയപാലം നിർമ്മിക്കുന്നതിന് ഒന്നരക്കോടി രൂപയുടെ കരാർനടപടികൾ പൂർത്തിയായി ഒരുമാസം പിന്നിട്ടുവെങ്കിലും പാലം നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾപോലും ഇനിയും തുടങ്ങിയിട്ടില്ല.