ചിറ്റൂർ: വണ്ടിത്താവളം നടുക്കളം ഭാഗത്ത് ഇടതുകര കനാൽ ഭിത്തി തകർന്ന് സമീപത്തെ വീടുകളിലേക്കും വയലുകളിലേക്കും വെള്ളം കയറി. ഇന്നലെ രാവിലെ 6.30നാണ് സംഭവം. കനാൽ ഭിത്തിയുടെ 20 മീറ്റർ ഭാഗം തകർന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ കനാലിന് താഴെ ഭാഗത്തെ 50 ഏക്കർ നെൽകൃഷി വെള്ളത്തിനടിയിലായി. രണ്ടാം വിളയിറക്കിയ കൃഷിയാണ് നശിച്ചത്.

കനാൽ ഭിത്തി തകർന്നതിനാൽ നഗരസഭയ്ക്ക് പുറമേ വണ്ടിത്താവളം, പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂർ, പെരുവെമ്പ്, ഓലശേരി, പല്ലശന ഭാഗങ്ങളിലേക്കുള്ള ജലസേചനം നിലച്ചു. ഇത് രണ്ടാം വിളയിറക്കിയവർക്കും വിളയിറക്കാൻ തയ്യറായിരുന്ന കർഷകർക്കും തിരിച്ചടിയായി.

കനാൽ പരിസരത്തുള്ള ജസീഫ്, അനീഷ്. എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറി ചുറ്റുമതിൽ തകർന്നു. കനാൽ തകർന്നതിനെ തുടർന്ന് കമ്പാലത്തറ ഏരിയിൽ നിന്നുള്ള ജലസേചനം നിറുത്തിവച്ചു.

സംഭവത്തെ തുടർന്ന് പെരുവെമ്പിലുള്ള കർഷകർ പദ്ധതി അധികൃതരുമായി ചർച്ച നടത്തി. തകർന്ന കനാൽ ഭിത്തി പുനർനിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ കെ.കൃഷ്ണൻകുട്ടി എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകി.