അഗളി: ഗ്വട്ടിയാർകണ്ടി ഊരിന് മുകളിലുള്ള പിജ്ജാത് മലയിൽ ഒരേക്കറോളം വരുന്ന മലഞ്ചെരുവിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് തോട്ടങ്ങളിലായി രണ്ട് മാസത്തോളം വളർച്ചയെത്തിയതും മൂന്ന് മാസം വളർച്ചയെത്തിയതുമായ 300 ചെടികളാണ് അഗളി എ.എസ്.പി നവനീത് ശർമ്മയും അഗളി ഇൻസ്‌പെക്ടർ എൻ.എസ്.സലീഷും എ.എസ്.പി സ്‌ക്വാഡും ചേർന്ന് നശിപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1480 അടിയിലധികം ഉയരത്തിലുള്ളതും കാട്ടാനകളുടെയും മാവോയിസ്റ്റ് സാന്നിദ്ധ്യവുമുള്ള കൊടുംവനത്തിൽ പാഴ്‌ച്ചെടികൾക്കിടയിൽ നട്ട തൈകളാണ് നശിപ്പിച്ചത്.
അഗളി എ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഘം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്.