അഞ്ചരപ്പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിൽ കെ.കൃഷ്ണൻകുട്ടി ആദ്യമായി മന്ത്രിയാകുമ്പോൾ ചിറ്റൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഒരദ്ധ്യായത്തിനും തുടക്കമാകും. പാർട്ടി ധാരണപ്രകാരം മാത്യു ടി.തോമസ് മന്ത്രിസ്ഥാനം ഒഴിയുന്നതോടെയാണ് ജനതാദൾ (എസ് ) സംസ്ഥാന പ്രസിഡന്റ് കൂടിയായ കൃഷ്ണൻകുട്ടിയെ മന്ത്രിയായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.
പെരുമാട്ടി എഴുത്താണിയിൽ കർഷകനായ കുഞ്ചുകുട്ടിയുടെയും ജാനകിയുടെയും മകനായി 1944 ആഗസ്റ്റ് 13നാണ് കൃഷ്ണൻകുട്ടി ജനിച്ചത്. എസ്.എസ്.എൽ.സിക്ക് ശേഷം 20-ാം വയസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു. പിന്നീട് ജനതാ പാർട്ടിയിൽ. ജനതാദൾ പിളർന്നപ്പോൾ എം.പി.വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക്കിന് രൂപം നൽകി. സംസ്ഥാന സെക്രട്ടറി ജനറലായിരിക്കെ രാജിവെച്ചു. നാഷണൽ ലേബർ ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ, ജനതാ പാർട്ടി ജില്ലാ പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം, പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, അഗ്രികൾച്ചറൽ പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, സംസ്ഥാന കാർഷിക നയരൂപീകരണ സമിതി ചെയർമാൻ എന്നീ പദവികൾ വഹിച്ചു. നിലവിൽ ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്.
1980ൽ പി.ശങ്കറിനെ പരാജയപ്പെടുത്തി ചിറ്റൂരിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 82ൽ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി. 1986ൽ കോൺഗ്രസിലെ കെ.എ.ചന്ദ്രനോട് പരാജയപ്പെട്ടെങ്കിലും 1991ൽ പകരം വീട്ടി വീണ്ടും നിയമസഭയിൽ. 1996, 2001, 2006 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ.അച്യുതനോട് തുടർച്ചയായി പരാജയപ്പെട്ടു. 2016ൽ അഞ്ചാം വിജയം ലക്ഷ്യംവച്ചിറങ്ങിയ അച്യുതനെ 7285 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചു. തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് 2011ൽ മാത്രമാണ് വിട്ടുനിന്നത്.
വിലാസിനിയാണ് ഭാര്യ. നാരായണൻകുട്ടി (പെരുമാട്ടി പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ), അജയൻ (സോഫ്‌റ്റ് വെയർ എൻജിനീയർ), ബിജു (സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ), ലത എന്നിവരാണ് മക്കൾ.