വടക്കഞ്ചേരി: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം അധികൃതരുടെ അനുമിതിയില്ലാതെ വയൽ നികത്താൻ ശ്രമം ആലത്തൂർ തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകി നിറുത്തിവച്ചു. കൂടാതെ നികത്താൻ ഉപയോഗിച്ച ജെ.സി.ബിയും അധികൃതർ പിടിച്ചെടുത്തു.
പ്രളയകാലത്ത് വെള്ളം നിറഞ്ഞൊഴുകിയ സ്ഥലമാണ് അനധികൃതമായി മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. 2007 ൽ ഈ ഭൂമി പരിവർത്തനം നടത്താൻ അനുമതി വാങ്ങിയതായി ഉടമ പറയുന്നുണ്ട്. പക്ഷേ, കുറച്ച് സ്ഥലം നികത്താനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇത് മറികടന്നാണ് വലിയ തോതിൽ പ്രദേശത്തെ ഭൂമി മുഴുവനായി നികത്തിയത്. ഇത് ഉദ്യോഗസ്ഥരുടെ ഒത്തശയുണ്ടെന്നും ആക്ഷേപമുണ്ട്. നികത്തിയതോടെ ഇതിലൂടെ ഒഴുകിയിരുന്ന നീർച്ചാലും ഇല്ലാതായി. രണ്ടു വർഷം മുമ്പ് പട്ടികജാതി വികസന വകുപ്പ് നടത്തിയ സാംസ്‌കാരിക പരിപാടിയ്ക്കായി ഈ സ്ഥലം ഉപയോഗിച്ചിരുന്നു.
വയൽ മണ്ണിട്ടു നികത്തുന്നതായി പരാതി ലഭിച്ചതോടെ ആലത്തൂർ തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം പരിശോധിക്കുകയായിരുന്നു. വയൽ നികത്തുന്നതിന്റെ മറവിൽ സർക്കാർ ഭൂമിയും കയ്യേറിയതായും ആരോപണമുണ്ട്. ഇത് ഇന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി അളന്നു തിട്ടപ്പെടുത്തുമെന്നും തഹസിൽദാർ പറഞ്ഞു.