പാലക്കാട്:സാധാരണ ഒരു കർഷക കുടുംബത്തിൽ ജനിച്ച കെ.കൃഷ്ണൻകുട്ടി കർഷകരുടെ അവകാശ സമരങ്ങൾ നയിച്ചാണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. പത്താംതരം വിദ്യാഭ്യാസം പൂർത്തിയാക്കി പൊതുപ്രവർത്തനത്തിനിറങ്ങിയ 20കാരൻ പെട്ടെന്ന് നേതൃനിരയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഭൂരിപക്ഷം ജനങ്ങളും കാർഷിക മേഖലയെ ആശ്രയിക്കുന്ന ചിറ്റൂരിൽ കൂലി വർദ്ധനവിനായും ചൂഷണത്തിനെതിരായും തൊഴിലാളികളെ അണിനിരത്തി കൃഷ്ണൻകുട്ടി സമരങ്ങൾ നയിച്ചു.

1970കളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലുമാണ് അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

1981ൽ ചിറ്റൂരിലെ ആർ.വി പുതൂരിലും 82ൽ മണിയാറൻചള്ളയിലും കർഷകരുടെ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറോളം കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് സമരം നടത്തി. ഈ സമരങ്ങളുടെ വിജയത്തോടെ ജനകീയനായി.

 1982ലെ തിരഞ്ഞെടുപ്പിൽ 38ാം വയസിൽ നിയമസഭയിലെത്തി.

1983ൽ കോഴിപ്പാറ റേഷൻ സമരം നയിച്ചു.

ചിറ്റൂർ സ്രാമ്പി ആദിവാസി ഊരിലെ രണ്ട് കൊലപാതകങ്ങളിൽ പൊലീസ് അന്വേഷണം ഇഴയുന്നെന്നും ആദിവാസികൾക്ക് നീതി നിഷേധിക്കുന്നെന്നും ചൂണ്ടിക്കാട്ടി ആദിവാസികളെ സംഘടിപ്പിച്ച് സമരം നടത്തി. ഇതെല്ലാം നേതാവായി വളർത്തി.

2002ൽ പ്ളാച്ചിമട കൊക്കക്കോള സമരത്തിലൂടെ ദേശീയ ശ്രദ്ധയിൽ. ഐതിഹാസികമായ ജല സമരം വിജയിച്ചതിന് ശേഷം അഞ്ചാം മൈലിലെ പഴച്ചാർ നിർമ്മാണ കമ്പനിക്കെതിരെയും ആർ.ബി.സി കനാൽ സമരത്തിലും സജീവം.

ആളിയാർ ജലകരാറിൽ തമിഴ്നാടിന്റെ ലംഘനങ്ങൾ പുറംലോകം അറിഞ്ഞതിലും സർക്കാർ തലത്തിൽ നിരന്തരം ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.

ജല വിഭവ വകുപ്പ് കൃഷ്ണൻകുട്ടിക്ക് കൈവരുന്നതോടെ തമിഴ്നാടുമായുള്ള തർക്കങ്ങളിൽ വേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ