പാലക്കാട്: മരുതറോഡ് പോളിടെക്നിക്ക് കോളേജിന് സമീപത്തെ കുളത്തിൽ 15 വയസുകാരായ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഭാരത് മാതാ എച്ച്.എസ്.എസിലെ ഒമ്പതാംകളാസ് വിദ്യാർത്ഥികളായ മാത്തൂർ ചുങ്കമന്ദം പുത്തൻവീട്ടിൽ മോഹൻദാസിന്റെ മകൻ ഹരിയും കല്ലേപ്പുള്ളി അർച്ചന കോളനിയിൽ ജുനൈദിന്റെ മകൻ ജംഷീദുമാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. കല്ലിങ്ങലിലെ സുഹൃത്തിന്റെ വീട്ടിൽ പോയ ഇരുവരും രണ്ട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. നീന്തുന്നതിനിടയിൽ ഹരിയും ജംഷീദും മുങ്ങിത്താണു. സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.