പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അര ഡസൻ പദ്ധതികൾ. ഒഴുക്കുന്നത് കോടികൾ. പക്ഷേ, ശിശുമരണങ്ങൾക്ക് ഒരു കുറവുമില്ല. ഈ വർഷം ഇതുവരെ മരിച്ചത് 11 നവജാത ശിശുക്കൾ. രണ്ടു മാസത്തിനിടെ മരിച്ചത് അഞ്ച് കുഞ്ഞുങ്ങൾ. 22ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രാമൻ- ബിന്ദു ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ആറു കുട്ടികളുടെ മരണ കാരണം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മറ്റുള്ളവർ ജനതിക വൈകല്യം, തൂക്കക്കുറവ്, മാസം തികയാത്ത പ്രസവം എന്നിവ മൂലവും മരിച്ചു.
ഗർഭിണികളിൽ ഭൂരിഭാഗത്തിനും ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവാണ്. തൂക്കം 45 കിലോയിൽ താഴെയും. നിലവിൽ 400 ഗർഭിണികൾ അട്ടപ്പാടിയിലുണ്ട്. ഇതിൽ 220 പേർ ആദിവാസികളാണ്.
ഊരുകളിൽ 2013ലും 14ലും 'തമ്പ് " സംഘടന നടത്തിയ പഠനത്തിൽ ആറു വയസിൽ താഴെയുള്ള കുട്ടികളിൽ വളർച്ചാ മുരടിപ്പ് കണ്ടെത്തിയിരുന്നു. ന്യൂട്രീഷ്യൻ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയും ഡോ. ഇക്ബാലും നടത്തിയ പഠനത്തിൽ ആദിവാസി യുവതീയുവാക്കളിൽ പോഷകാഹാരക്കുറവ് കണ്ടെത്തി. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സർക്കാർ സമൂഹ അടുക്കള പദ്ധതി നടപ്പാക്കിയത്. എന്നാൽ, 192 ഊരുകളിൽ 82 ഇടത്തും സമൂഹ അടുക്കള പ്രവർത്തനമില്ല.
എവിടെപ്പോകുന്നു ഇതൊക്കെ?
മില്ലറ്റ് ഗ്രാമം പദ്ധതി, ഗർഭിണികൾക്ക് ട്രൈബൽ വകുപ്പിന്റെ പ്രത്യേക കിറ്റ്, ഗർഭിണികളുടെ ശുശ്രൂഷയ്ക്ക് ധനസഹായം, പ്രസവശേഷം കുഞ്ഞിന് തൂക്കക്കുറവുണ്ടെങ്കിൽ മൂന്നു മാസം ആശുപത്രിയിൽ കിടത്തിച്ചികിത്സ... ഇങ്ങനെ പലതും നിശ്ചയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വർഷാവർഷം പണം അനുവദിക്കുന്നുമുണ്ട്. പക്ഷേ, ഒന്നും ആദിവാസികളിൽ കൃത്യമായി എത്തുന്നില്ലെന്നു മാത്രം. പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടാതെ തുടരുന്നു. ശിശുമരണങ്ങൾ വർദ്ധിക്കുന്നു.
സർക്കാർ മെഡിക്കൽ കോളേജുകളിലെ ശിശുരോഗ വിദഗ്ദ്ധരുടെ സംഘത്തെ അട്ടപ്പാടിയിലയച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടി സ്വീകരിക്കും.
-ഡോ. പ്രഭുദാസ്, നോഡൽ ഓഫീസർ,
അട്ടപ്പാടി ട്രൈബൽ ഹെൽത്ത്
ആദിവാസികൾക്ക് ആദ്യം മരുന്നും ഭക്ഷണവും കൊടുക്കണം. പിന്നെ അവകാശപ്പെട്ട ഭൂമി തിരിച്ചു കൊടുത്ത് പരമ്പരാഗത കൃഷിരീതികളിലേക്ക് അവരെ തിരിച്ചുകൊണ്ടുവരണം.
-രാജേന്ദ്രപ്രസാദ്,
പ്രസിഡന്റ്, തമ്പ്