പാലക്കാട്: കെ.എസ്.ആർ.ടി.സി പുനർനിർമ്മാണ രൂപരേഖയിൽ വീണ്ടും ഭേദഗതി. 7,000 ചതുരശ്ര അടിയിൽ താഴെയായിരുന്നു തത്ത്വത്തിൽ അംഗീകരിച്ച രൂപരേഖ പ്രകാരമുള്ള വിസ്തീർണം. എന്നാൽ, ഇത് മാറ്റി 9,690 ചതുരശ്ര അടിയാണ് പുതിയ രൂപരേഖയിൽ ഡിപ്പോക്ക് നിശ്ചയിച്ചിരിക്കുന്നത്.
പുതിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ 30നകം അടങ്കലും സമർപ്പിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കിയത്. ആകെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അടങ്കൽ സമർപ്പിക്കാനാണ് നിർദ്ദേശമെങ്കിലും ആദ്യഘട്ടത്തിൽ അനുവദിച്ചിരിക്കുന്ന 7.10 കോടി രൂപയ്ക്കുള്ള നിർമ്മാണമാണ് നടത്തുക. ഇതിൽ എം.ബി.രാജേഷ് എം.പി അനുവദിച്ച 30 ലക്ഷം രൂപയും വിനിയോഗിക്കും.
രണ്ട് ഘട്ടമായിട്ടായിരിക്കും നിർമ്മാണം. ഇതിൽ ബസ് ബേയും അന്തർ സംസ്ഥാന ടെർമിനലും ഉൾപ്പെടും. ഓഫീസ്, ആധുനിക സൗകര്യങ്ങളുള്ള കാത്തിരിപ്പ് കേന്ദ്രം, ശൗചാലയ സമുച്ചയം, ടിക്കറ്റ് കൗണ്ടർ, അന്വേഷണ കൗണ്ടർ, ജീവനക്കാർക്കുള്ള വിശ്രമ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ നടപ്പാക്കും.
ഡിപ്പോ നിർമ്മാണത്തിനുള്ള അടങ്കൽ രണ്ടായി സമർപ്പിക്കാൻ ഷാഫി പറമ്പിൽ എം.എൽ.എ നിർദ്ദേശിച്ചു. അഞ്ച് കോടിയുടെയും 2.10 കോടിയുടെയും രണ്ട് അടങ്കലുകളാണ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടായി സമർപ്പിച്ചാൽ ഇത്തവണത്തെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള അഞ്ചുകോടി രൂപ വേഗം അനുവദിച്ച് കിട്ടുമെന്നതിനാലാണ് നിർദ്ദേശം നൽകിയത്. 2.10 കോടി രൂപയുടെ പഴയ അടങ്കൽ വീണ്ടും സമർപ്പിക്കുന്നതിനാൽ ഇതനുവദിച്ച് കിട്ടാൻ താമസമുണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.