nelliyapathi
നെല്ലിയാമ്പതി ചുരംപാതയിലെ സംരക്ഷണഭിത്തി.

നെല്ലിയാമ്പതി: തകർന്ന ചുരം പാതയിലെ സംരക്ഷണ ഭിത്തി നിർമ്മാണം ഉടൻ തുടങ്ങും. പോത്തുണ്ടി മുതൽ കൈകാട്ടി വരെ 12 ഇടത്താണ് ആദ്യഘട്ടമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്.

നെല്ലിയാമ്പതി യാത്ര അപകട ഭീതിയിലാകുന്നെന്ന 'കേരളകൗമുദി" വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാതയിടിഞ്ഞ ഭാഗങ്ങളിൽ ഒഴിഞ്ഞ ടാർ വീപ്പകൾ വെച്ച് താത്കാലിക സുരക്ഷാകവചം സ്ഥാപിച്ചിരുന്നു. തുടർന്നാണ് സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള നടപടി ഊർജ്ജിതമാക്കാൻ തീരുമാനിച്ചത്.

മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ ഇരുമ്പുകുഴൽ ഉപയോഗിച്ച് താൽക്കാലിക സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുണ്ടറച്ചോലയിൽ താൽകാലിക പാലം നിർമ്മിച്ചതോടെ ചെറുവാഹനങ്ങൾക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശനം അനുവദിക്കുകയും കെ.എസ്.ആർ.ടി.സി ബസ് കഴിഞ്ഞ ദിവസം സർവീസ് ആരംഭിക്കുകയും ചെയ്തു.
എന്നാൽ, ചുരം പാതയിലെ അപകട മേഖലയിൽ മുന്നറിയിപ്പ് സൂചികയോ സുരക്ഷാ വേലിയോ ഇല്ലാത്തത് അപകട ഭീഷണിയുണ്ടാക്കുന്നു. കുണ്ടറച്ചോല, മരപ്പാലം, ചെറുനെല്ലിക്ക് താഴെ, ചെറുനെല്ലി കോളനി, അയ്യപ്പൻതിട്ട തുടങ്ങിയ ഭാഗങ്ങളിലാണ് പാത ഇടിഞ്ഞ് അപകട ഭീഷണി നിലനിൽക്കുന്നത്. ഇതിൽ ഒമ്പത് ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ നടപടികളാണ് ഇപ്പോൾ പൂർത്തിയായതെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു പ്രദീപൻ പറഞ്ഞു.

അടുത്തയാഴ്ചയോടെ നിർമ്മാണം ആരംഭിക്കും. രണ്ടേമുക്കാൽ കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ സംരക്ഷണമൊരുക്കുന്നതിനായി 4.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.