ഷൊർണൂർ: പ്രളയത്തിൽ തകർന്ന കണയം ഈസ്റ്റ്- വെസ്റ്റ് റോഡ് നവീകരിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നഗരസഭയിലെ ഒന്നാം വാർഡായ കണയം വെസ്റ്റിനെയും രണ്ടാം വാർഡായ കണയം ഈസ്റ്റിനെയും ബന്ധിപ്പിക്കുന്ന ഏക റോഡാണിത്.
താഴ്ന്ന നെൽപ്പാടമുള്ള ഇവിടുത്തെ റോഡിന്റെ നിർമ്മാണ രീതി ആദ്യം തന്നെ വിവാദമായിരുന്നു. വിവാദം വകവെക്കാതെ ചെറിയ സിമന്റ് പൈപ്പിട്ട് റോഡ് നിർമ്മിച്ചെങ്കിലും പ്രളയത്തിന് മുമ്പേ തകർന്നു. പിന്നീട് ഓവുപാലം നിർമ്മിച്ച് രണ്ടാമതും നിർമ്മിക്കേണ്ടി വന്നു. എന്നാൽ പ്രളയത്തിൽ റോഡ് വീണ്ടും തകർന്നു.
പതിറ്റാണ്ടുകൾ കാത്തിരിപ്പിനൊടുവിലാണ് കണയം ഇരുകരയെയും ബന്ധിപ്പിക്കുന്ന കാഞ്ഞിനങ്ങാട്ട് പാടത്ത് കൂടെയുള്ള റോഡ് നിർമ്മിച്ചത്. ഇതിനായി 40 ലക്ഷം രൂപ ചെലവായി. 15 മീറ്റർ വരുന്ന ഭാഗമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. പ്രവർത്തികൾക്കായുള്ള കരിങ്കൽ ഇവിടെ തന്നെയുണ്ട്. എന്നാൽ ഫണ്ടില്ലാത്ത പ്രവർത്തനം തുടങ്ങാനാവില്ല.
വിവിധ പദ്ധതികൾക്കായി മാറ്റി വെച്ച തുകയിൽ ചെലവാകാത്ത സംഖ്യ ഉപയോഗിച്ച് പ്രവർത്തി നടത്തുമെന്ന് നഗരസഭാ വി.വിമല പറഞ്ഞു. ഇതിനായി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
തകർന്ന ഭാഗത്ത് തെങ്ങും മരക്കഷ്ണങ്ങളും ഉപയോഗിച്ച് പാലം പോലെ ഉണ്ടാക്കിയതിന് മുകളിലൂടെയാണ് നിലവിൽ ആളുകൾ നടക്കുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടെ റെയിൽവെ ക്രോസിംഗോ അടിപ്പാതയോ ഇല്ലാത്തതിനാൽ ഇരുകര ബന്ധിപ്പിക്കൽ പേരിൽ ഒതുങ്ങികിടക്കുകയുമാണ്. ഇതിന്റെ നടപടികളും നഗരസഭ നടത്തിയിട്ടില്ല.