ഷൊർണൂർ: പീഡന വിവാദത്തിൽപ്പെട്ട പി.കെ.ശശി എം.എൽ.എ നയിക്കുന്ന സി.പി.എം കാൽനട പ്രചരണ ജാഥ എത്തുമുമ്പേ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം.ബി.രാജേഷ് എം.പി വേദിയിൽ നിന്ന് സ്ഥലം വിട്ടു. ഇന്നലെ വൈകിട്ട് കുളപ്പുള്ളിയിലായിരുന്നു ജാഥയുടെ സമാപനം.
ഷൊർണൂരിലെ സ്വീകരണത്തിന് ശേഷം നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് ജാഥ കുളപ്പുള്ളിയിലേക്ക് നീങ്ങിയത്. നേരത്തെ നിശ്ചയിച്ച മറ്റ് പരിപാടികൾ ഉള്ളതുകൊണ്ടാണ് എം.ബി.രാജേഷ് നേരത്തെ സ്ഥലം വിട്ടതെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന വിശദീകരണം.
കുറച്ചുകാലമായി എം.ബി.രാജേഷും പി.കെ.ശശിയും തമ്മിലുള്ള വിയോജിപ്പ് ശക്തമാണ്. ഇരുവരും ഏറെക്കാലമായി ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പി.കെ.ശശി മുൻകൈയെടുത്ത് മണ്ണാർക്കാട്ട് ജില്ലാ സമ്മേളനം നടത്തിയപ്പോൾ എം.ബി.രാജേഷ് മണ്ഡലത്തിലും പാർട്ടിയിലും സജീവമല്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പുറമേ പീഡനാരോപണം കൂടി പുറത്ത് വന്നതോടെ ഇരുവരും തമ്മിലുള്ള അകലം വർദ്ധിച്ചെന്നും ശ്രുതിയുണ്ട്. പാർട്ടി നിർദ്ദേശം അംഗീകരിച്ച് യോഗം ഉദ്ഘാടനം ചെയ്‌തെന്ന് വരുത്തുകയും ജാഥ എത്തുന്നതിന് മുമ്പ് സ്ഥലം വിട്ട് പി.കെ.ശശിയോടുള്ള വിയോജിപ്പ് പ്രകടമാക്കുകയുമാണ് എം.ബി.രാജേഷ് ചെയ്തതെന്നാണ് വിലയിരുത്തൽ.
നേരത്തെ ചെർപ്പുളശേരിയിൽ ജാഥയ്ക്ക് നൽകിയ യോഗത്തിൽ പാർട്ടി ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ എം.ചന്ദ്രൻ ജില്ലയിലുണ്ടായിരുന്നിട്ടും വിട്ടുനിന്നത് ചർച്ചയായിരുന്നു.
ഇന്നലെ കൂനത്തറയിലെ സ്വീകരണം കഴിഞ്ഞ് ജാഥ പോയതിന് ശേഷം ബി.ജെ.പി പ്രവർത്തകർ എത്തി വേദിയിൽ ചാണകവെള്ളം തളിച്ചു. ഷൊർണൂരിൽ ജീവനുള്ള കോഴികളെ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. ഇതിനെ തുടർന്ന് ടൗണിൽ ശക്തമായ പൊലീസ് ബന്തവസിലാണ് ജാഥ കടന്നുപോയത്.