പാലക്കാട്: ജില്ലാ സ്‌കൂൾ കലോത്സവം നാളെയും മറ്റന്നാളുമായി പാലക്കാട് നഗരത്തിലെ 20 വേദികളിലായി നടക്കും. ആറായിരത്തോളം കലാപ്രതിഭകൾ എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ വിഭാഗങ്ങളിലും അറബിക്, സംസ്‌കൃതം, തമിഴ് സാഹിത്യോത്സവങ്ങളിലുമായി മാറ്റുരയ്ക്കും.
രജിസ്ട്രേഷൻ ഇന്നലെ ഗവ.മോയൻ ജി.എച്ച്.എസ്.എസിൽ നടന്നു. പ്രളയത്തെ തുടർന്ന് ആഘോഷമില്ലാതെ രണ്ട് ദിവസത്തേക്കായി ചുരുക്കിയാണ് കലോത്സവം നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ഗവ.മോയൻ ജി.എച്ച്.എസ്.എസ്, പി.എം.ജി എച്ച്.എസ്.എസ്, ഒലവക്കോട് എം.ഇ.എസ് എച്ച്.എസ്.എസ്, ബി.ഇ.എം എച്ച്.എസ്.എസ്, ജി.എൽ.പി.എസ് കൊപ്പം, ജി.എൽ.പി.എസ് സുൽത്താൻപേട്ട, സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ, ഫൈൻ ആർട്‌സ് ഹാൾ താരേക്കാട് എന്നിവിടങ്ങളിലാണ് വേദികൾ. ഗവ. മോയൻ എൽ.പി.എസിലാണ് ഭക്ഷണശാല.
മോയൻ ജി.എച്ച്.എസ്.എസിലെ ഒന്നാം വേദിയായ ഓപ്പൺ സ്റ്റേജ് മഹാകവി ഒളപ്പമണ്ണയുടെ പേരിലാണ്. മുണ്ടൂർ കൃഷ്ണൻകുട്ടി (വേദി 2- മോയൻ ജി.എച്ച്.എസ്.എസ് ഹാൾ), തുഞ്ചത്തെഴുത്തച്ഛൻ (വേദി 3- പി.എം.ജി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി ഹാൾ), കലാമണ്ഡലം സത്യഭാമ (വേദി 4- പി.എം.ജി.എച്ച്.എസ്.എസ് ഹൈസ്‌കൂൾ ഹാൾ), പി.കുഞ്ഞിരാമൻ നായർ (വേദി 5- ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഓപ്പൺ സ്റ്റേജ്), കുഞ്ചൻ നമ്പ്യാർ (വേദി 6- ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഓഡിറ്റോറിയം), ചെമ്പൈ വൈദ്യനാഥ ഭാഗവതർ (വേദി 7- ഒലവക്കോട് എം.ഇ.എസ്.എച്ച്.എസ് ഹാൾ), ഞരളത്ത് രാമപൊതുവാൾ (വേദി 8- കൊപ്പം ജി.എൽ.പി.എസ്), എം.ഡി.രാമനാഥൻ (വേദി 9- ഫൈൻ ആർട്‌സ് ഹാൾ), കലാമണ്ഡലം രാമൻകുട്ടി നായർ (വേദി 10- സുൽത്താൻപേട്ട ജി.എൽപി.എസ് ഹാൾ), ഒ.വി.വിജയൻ (വേദി 11- സെന്റ് സെബാസ്റ്റ്യൻ), പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ (വേദി 12- സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂൾ), വി.ടി.ഭട്ടതിരിപ്പാട് (വേദി 13- ബി.ഇ.എം.എച്ച്.എസ്.എസ് ഓപ്പൺ സ്റ്റേജ്), പുലിക്കോട്ടിൽ ഹൈദർ (വേദി 14- ബി.ഇ.എം.എച്ച്.എസ്.എസ് ഹാൾ), പല്ലാവൂർ അപ്പുമാരാർ (വേദി 15- ബി.ഇ.എം.എച്ച്.എസ്.എസ് ക്ലാസ് റൂം 1), കെ.പി.കേശവമേനോൻ (വേദി 16- ബി.ഇ.എം.എച്ച്.എസ്.എസ് ക്ലാസ് റൂം 2), പാലക്കാട് മണി അയ്യർ (വേദി 17- സെന്റ് സെബാസ്റ്റ്യൻ യു.പി.എസ് ക്ലാസ് റൂം), പി.ലീല (വേദി 18- മോയൻസ് എച്ച്.എസ്.എസ് സ്മാർട് ക്ലാസ്), മാണി മാധവ ചാക്യാർ (വേദി 19- പി.എം.ജി.എച്ച്.എസ്.എസ്) എന്നിവയാണ് മറ്റ് വേദികളുടെ പേരുകൾ.