 കോ-ഓപ്പറേറ്റീവ് അർബൺ ബാങ്കിൽ നാലുസീറ്റിൽ സി.പി.എമ്മിനെതിരെ സി.പി.ഐ മത്സരരംഗത്ത്

ചെർപ്പുളശ്ശേരി: ജില്ലയിൽ സി.പി.എം - സി.പി.ഐ ഭിന്നതരൂക്ഷമാക്കി ചെർപ്പുളശ്ശേരിയിലും ഇരുകൂട്ടരും നേർക്കുനേർ ഏറ്റുമുട്ടുന്നു. 28 വർഷമായി സി.പി.എം ഭരിക്കുന്ന ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് അർബൺ ബാങ്കിലേക്ക് നടക്കുന്ന ഭരണ സമിതി തിരഞ്ഞെടുപ്പിലാണ് നാലുസീറ്റിൽ സി.പി.എമ്മിനെതിരെ സി.പി.ഐ മത്സരിക്കുന്നത്.
ഇതുവരെ എതിരില്ലാതെയായിരുന്നു സി.പി.എം വിജയിച്ചിരുന്നത്.
ആകെയുള്ള 13ൽ നാല് ജനറൽ സീറ്റിലാണ് ഇത്തവണ എതിരാളികളായി സി.പി.ഐ ഉള്ളത്. മുൻ ബാങ്ക് ഡയറക്ടറും ഇപ്പോൾ സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കുന്ന നെല്ലായ സ്വദേശി കെ.ഗോപിനാഥൻ, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം എൻ.കെ.രാജൻ, സി.പി.മണികണ്ഠൻ, നെല്ലായ പഞ്ചായത്തിലെ സ്വതന്ത്ര അംഗം പി.കെ.മുഹമ്മദ് കുട്ടി എന്നിവരാണ് സി.പി.എമ്മിനെതിരെ മത്സരിക്കുന്നത്.
സിസംബർ അഞ്ചിനാണ് ബാങ്കിൽ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ചെർപ്പുളശ്ശേരി നഗരസഭയ്ക്കു പുറമെ നെല്ലായ, കുലുക്കല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകൾ പ്രവർത്തന മേഖലയായ അർബൺ ബാങ്കിന് ചെർപ്പുളശ്ശേരിയിലും വല്ലപ്പുഴയിലുമായി മൂന്ന് ശാഖകളുണ്ട്. ഇടതുമുന്നണി യോഗം വിളിച്ചു ചേർക്കാതെ സി.പി.എം ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചതാണ് തങ്ങൾ മത്സരിക്കാൻ കാരണമെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ സി.പി.ഐയുമായി ഒരു ചർച്ചയും വേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. ഇതോടെ ഉടൻ നടക്കാൻ പോകുന്ന ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിലും സി.പി.ഐ മത്സര രംഗത്ത് വന്നേക്കും.