ഒറ്റപ്പാലം: ജീവനക്കാരെ മർദ്ദിച്ചുവെന്നാരോപിച്ച് ഒറ്റപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ സമരം. വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് യാത്രക്കാർ വലഞ്ഞു. വാണിയംകുളത്തിവച്ച് ബസ് ജീവനക്കാരെ ഒരു വിഭാഗം ആളുകൾ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു സമരം.
കെ.എസ്.ആർ.ടി.സിയും ദീർഘദൂര ബസുകളും സർവീസ് നടത്തിയെങ്കിലും ഉൾഭാഗങ്ങളിലേക്കുള്ള ബസുകൾ മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിവച്ചത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. പാവുക്കോണം ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സൗത്ത് പനമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ(44), വാണിയംകുളം സ്വദേശി പ്രശാന്ത്(34)എന്നിവരെയാണ് കാറിൽ ബസ് തട്ടിയെന്നാരോപിച്ച് ഒരുസംഘം ആളുകൾ മർദിച്ചത്.
തിങ്കളാഴ്ച രാവിലെ തീവണ്ടിയിലും മറ്റും വന്നിറങ്ങിയ യാത്രക്കാർക്ക് സമരം കൂടുതൽ ബുദ്ധിമുട്ടായി. ചെർപ്പുളശ്ശേരിയിലേക്കും ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് ഭാഗങ്ങളിലേക്കും പോകേണ്ട യാത്രക്കാരെല്ലാം ഒറ്റപ്പാലത്ത് കുടുങ്ങി. വാണിയംകുളത്തുവച്ച് ബസ് തൊഴിലാളികളും വിവാഹ സംഘവും തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ് രണ്ട് കേസുകളെടുത്തു. ഇരു വിഭാഗത്തിന്റെയും പരാതികളിൽ ഒമ്പത് പേർക്കെതിരെയാണ് കേസ്. തടഞ്ഞുവെച്ച് മർദ്ദിച്ചുവെന്ന ബസ് തൊഴിലാളികളുടെ പരാതിയിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയും മർദ്ദിച്ചുവെന്ന വിവാഹ സംഘത്തിന്റെ പരാതിയിൽ രണ്ട് ബസ് തൊഴിലാളികൾക്കെതിരെയുമാണ് കേസെന്ന് പൊലീസ് അറിയിച്ചു.