ഒറ്റപ്പാലം: പാലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരനും യുവാവും മരിച്ചു. മംഗലാംകുന്ന് കുറ്റിക്കാട്ടിൽ വീട്ടിൽ സുബ്രഹ്മണ്യൻ(51), കണ്ണിയംപുറം ഉണിക്കമരത്തൊടി വേലുദാസിന്റെ മകൻ കൃപേഷ്(22) എന്നിവരാണ് മരിച്ചത്. പാലപ്പുറം ചിനക്കത്തൂർ കാവിന് സമീപം ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം.
ലെക്കിടി ഭാഗത്തുനിന്ന് കണ്ണിയംപുറത്തേക്ക് പോകുകയായിരുന്ന കൃപേഷ് ഓടിച്ചിരുന്ന ബൈക്ക് റോഡരികിൽ നിൽക്കുകയായിരുന്ന സുബ്രമണ്യനെ ഇടിക്കുകയായിരുന്നു. കാവ് മൈതാനിയിൽ നടക്കുന്ന സർക്കസ് ബന്ധുക്കൾക്കൊപ്പം കണ്ട് തിരിച്ച് പോകാൻ വേണ്ടി കാറിൽ കയറാനൊരുങ്ങുന്നതിനെടെയാണ് സുബ്രമണ്യനെ ബൈക്ക് ഇടിച്ചത്. സുബ്രമണ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കൃപേഷിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽ കൃപേഷിനൊപ്പമുണ്ടായിരുന്ന പാലപ്പുറം സ്വദേശി അരുൺ(21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കടമ്പഴിപ്പുറം സെക്ഷൻ ഓഫീസ് സൂപ്രണ്ട് ആയിരുന്നു സുബ്രമണ്യൻ. ശ്രീകൃഷ്ണപുരം ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായ ഷൈലജയാണ് ഭാര്യ. മക്കൾ: ദിവ്യ, കാവ്യ. സരോജിനിയാണ് കൃപേഷിന്റെ അമ്മ. കൃഷ്ണദാസ്, കൃപ എന്നിവർ സഹോദരങ്ങളാണ്.
ഫോട്ടോ സുബ്രഹ്മണ്യൻ, കൃപേഷ്