ചെർപ്പുളശേരി: പ്രളയത്തിന് ശേഷമുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറാൻ രണ്ടാം വിളയിറക്കിയ ചളവറ പാലാട്ടുപടി പാടത്തെ കർഷകർ ദുരിതത്തിൽ. ശക്തമായ മഴയിൽ കതിരിൽ വെള്ളം വീണ് ഒന്നാം വിള കരി നെല്ല് വന്ന് നശിച്ചിരുന്നു. വെളളം മൂടിയും കൃഷി നാശമുണ്ടായി. തുടർന്ന് ഒക്ടോബറിലാണ് രണ്ടാം വിള ഇറക്കിയത്.
തുലാവർഷം പ്രതീക്ഷിച്ചത്ര ലഭിക്കാത്തതോടെ കൃഷി ഉണങ്ങുമോ എന്ന ആശങ്കയിലാണ് കർഷകർ.74 കർഷകരാണ് ഇവിടെ കൃഷി ഇറക്കിയിട്ടുള്ളത്. ഇതോടെ കാഞ്ഞിരപ്പുഴ കനാൽ നേരത്തെ തുറക്കണമെന്ന ആവശ്യം ശക്തമായി. മേഖലയ്ക്ക് ആവശ്യമായ മറ്റ് ജല സ്രോതസുകളൊന്നുമില്ലാത്തതിനാൽ കനാൽ വെള്ളം മാത്രമാണ് ഇനി ആശ്രയം. കഴിഞ്ഞ രണ്ടു വർഷമായി കൃഷിക്കാവശ്യമായ വെളളം യഥാസമയം കനാലിലൂടെ ലഭിക്കുന്നില്ലെന്ന പരാതിയും കർഷകർക്കുണ്ട്. കതിർ വന്ന സമയത്ത് കനാൽ വെള്ളം തുറന്നുവിട്ട് ഏക്കർ കണക്കിന് കൃഷി മുൻ വർഷങ്ങളിൽ നശിച്ച സംഭവവുമുണ്ടായി.
അവശ്യ സമയത്ത് കനാൽവെളളം കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. കനാൽ വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് അധികൃതർക്ക് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പലയിടത്തും കനാൽ കാടുമൂടി കിടക്കുകയാണ്. ഇതും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമാണ്. കനാൽ വെള്ളമെത്തിയില്ലെങ്കിൽ മറ്റ് പാടശേഖരങ്ങളിലെ കൃഷിയും ഉണങ്ങാൻ സാദ്ധ്യതയുണ്ട്.