ഷൊർണൂർ: ഇടിഞ്ഞു തകർന്ന് കാടുകയറിയ ഗണേഷ് ഗിരിയിലെ റെയിൽവെ ക്വാർട്ടേഴ്‌സുകൾ കഞ്ചാവ് വില്പനയുടെ നിഗൂഢ കേന്ദ്രങ്ങളായി മാറുന്നു. ഗണേഷ് ഗിരിയിൽ നൂറിൽ പരം കോട്ടേഴ്‌സുകളാണ് തകർന്നടിഞ്ഞ് കാടുകയറി സാമൂഹ്യ ദ്രോഹികളുടെ ഒളിത്താവളമായി മാറിയിരിക്കുന്നത്.
ഗണേഷ് ഗിരി ജി.എച്ച്.എസ്.എസിന് മുൻവശത്തുള്ള കാടുകയറിയ ക്വാർട്ടേഴ്‌സുകൾക്കുള്ളിൽ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള കഞ്ചാവ് മാഫിയ താവളമടിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് ഇടയ്ക്കിടെ മിന്നൽ പരിശോധന തുടങ്ങിയിട്ടുണ്ട്.
ഗണേഷ് ഗിരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില യുവാക്കൾ കഞ്ചാവ് മാഫിയകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയിൽ ഇവർക്ക് ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ, സമീപ പ്രദേശമായ ആന്തൂർകുന്നത്തെ ഒരു യുവാവും സംഘവും കഞ്ചാവ് കടത്തുന്നതിനിടെ കാറപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഇവരിൽ നിന്ന് കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. പൊലീസിന്റെ വാഹന പരിശോധന കണ്ട് കാർ അമിത വേഗതയിൽ വെട്ടിച്ച് കടത്തുന്നതിനിടെയാണ് അപകടം പിണഞ്ഞത്. ഈ അപകടത്തിൽ തന്നെ പരിക്കേറ്റ മറ്റൊരു യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
കഞ്ചാവ് വില്പനയിലും ഇടപാടിലും ഷൊർണൂരിന് സംസ്ഥാന തലത്തിൽ തന്നെ കുപ്രസിദ്ധ സ്ഥാനമാണുള്ളത്. ഷൊർണൂർ റെയിൽവേ ജംഗ്ഷൻ വഴിയും അന്യജില്ലകളിൽ നിന്ന് കഞ്ചാവെത്തുന്നുണ്ട്. കഞ്ചാവിന്റെ അതിപ്രസരം അടുത്ത കാലത്തായി വർദ്ധിച്ചപ്പോൾ യുവജന സംഘടനകൾ ഒന്നിച്ച് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഡി.വൈ.എഫ്.ഐ കഞ്ചാവ് മാഫിയക്കെതിരെ ബോധവൽക്കരണ ജാഥ നടത്തിയത് അടുത്ത ദിവസമാണ്.
ഗുണ്ടാസംഘങ്ങളുടെ പിൻബലമുള്ള കഞ്ചാവ് മാഫിയകൾക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. റെയിൽവെ സ്റ്റേഷനും പരിസര പ്രദേശങ്ങളും സ്ഥിരം കഞ്ചാവ് കൈമാറ്റ കേന്ദ്രങ്ങളാണ്. പല തവണ കൈമാറ്റം ചെയ്യുന്നതിനിടെ വല്ലപ്പോഴും ഒരു തവണയേ ഇക്കൂട്ടർ പൊലീസിന്റെ വലയിലാവുന്നുള്ളൂ.
സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായ ഗണേഷ് ഗിരിയിലെ തകർന്ന് കിടക്കുന്ന റെയിൽവേ ക്വാർട്ടേഴ്സുകൾ