പാലക്കാട്: ശബരിമല ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിന് ബി.ഡി.ജെ.എസ് വിശ്വാസികളോടൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെളളാപ്പളളി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നിലവിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർക്കാൻ സർക്കാരും പൊലീസും കൂട്ടുനിൽക്കരുത്. ഭക്തർക്ക് ആരാധിക്കാനും പ്രാർത്ഥിക്കാനുമുളള സാഹചര്യം ഇല്ലാതാക്കുന്നത് നീതി നിഷേധമാണ്. ആചാരാനുഷ്ഠാനത്തോടെ ദർശനത്തിനെത്തുന്ന വിശ്വാസികളെ കളളക്കേസെടുത്ത് ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണം. സമരരംഗത്ത് എൻ.ഡി.എ മുന്നണിയോടൊപ്പം തുടർന്നും ബി.ഡി.ജെ.എസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എൻ.അനുരാഗ്, തഴവ സഹദേവൻ, സംഗീത വിശ്വനാഥൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ.ബിനു, രാജേഷ് നെടുമങ്ങാട് പ്രസംഗിച്ചു.