പാലക്കാട്: പി.കെ.ശശി എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. എം.എൽ.എയുടെ ഔദ്യോഗിക പരിപാടികൾ കോൺഗ്രസ് ബഹിഷ്‌കരിക്കും. ഇന്ന് വൈകിട്ട് ഷൊർണൂർ നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തും.
ഡിസംബർ ഒന്നിന് വൈകിട്ട് 4 മണിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർപുളശ്ശേരിയിൽ നടക്കുന്ന ജനകീയ വിചാരണ കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്ത്രീ പീഡന വിഷയത്തിൽ പാർട്ടി കുറ്റക്കാരനാണെന്ന് കണ്ട വ്യക്തി ജനപ്രതിനിധിയായി തുടരുന്നതിനെ ന്യായീകരിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഇതിനോടകം വ്യക്തമായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. സ്ത്രീ സുരക്ഷയിൽ സി.പി.എമ്മിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ശശിയോട് എം.എൽ.എ സ്ഥാനം രാജിവെക്കാൻ പാർട്ടി പറയണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച വി.കെ.ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.
നേതാക്കളായ വി.എസ്.വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, കെ.എ.ചന്ദ്രൻ, പി.ജെ.പൗലോസ്, സി.ചന്ദ്രൻ, എ.രാമസ്വാമി, പി.വി.രാജേഷ്, സി.എച്ച്.ഷൗക്കത്തലി, ടി.കെ.ഹമീദ്, പി.മാധവൻ എന്നിവർ പ്രസംഗിച്ചു.