കുട്ടികളുടെ മനസറിഞ്ഞ് പാർത്ഥസാരഥിയുടെ ക്ലാസ്
ഷൊർണൂർ: കേരളകൗമുദി ആരോഗ്യ സെമിനാറിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചത് പാലക്കാട് മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസിലിംഗ് സെന്ററിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആർ.പാർത്ഥസാരഥി.
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന വാക്കിന്റെ അർത്ഥമെന്നും, മനസും ശരീരവും ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണം മുതൽ ഉറക്കം വരെ ശ്രദ്ധിക്കണമെന്ന ചിന്ത പാർത്ഥസാരഥി വിദ്യാർത്ഥികൾക്ക് കൈമാറി. ഒരു ദിവസം 50,000 മുതൽ 70,000 വരെ പലവിധ ചിന്തകൾ ഓരോ മനസിലൂടെയും കടന്നുപോകും. എപ്പോൾ ഉറങ്ങാൻ കിടക്കണം, എപ്പോൾ ഉണരണം, എപ്പോൾ ഭക്ഷണം കഴിക്കണം, എത്ര നേരം പഠിക്കണം, എങ്ങിനെ പഠിക്കണം, എത്ര ഭക്ഷണം കഴിക്കണം, എന്ത് ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്നിങ്ങനെ നിരവധി ആരോഗ്യ ശീലങ്ങൾ രസകരമായി വിശദീകരിച്ചു.
വ്യായാമത്തിന്റെ ആവശ്യകത തിരിച്ചറിയാനും ക്ലാസ് സഹായിച്ചു. രുചിയെ മാറ്റി നിറുത്തി പോഷകാഹാരം നിറഞ്ഞ ഭക്ഷണം കഴിക്കാൻ മനസുവെക്കണമെന്ന ഉപദേശവും അദ്ദേഹം കുട്ടികൾക്ക് നൽകി.
കേരളകൗമുദിയും എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളും ചേർന്ന് നടത്തിയ ആരോഗ്യ സെമിനാറിൽ പാലക്കാട്ടെ മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസിലിംഗ് സെന്ററിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആർ.പാർത്ഥസാരഥി ക്ലാസെടുക്കുന്നു